crime

നെയ്യാറ്റിന്‍കര: കേരള സര്‍ക്കാരിന്റെ ബോര്‍ഡ് വച്ച് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണ സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

രേഖകള്‍ പരിശോധിച്ചതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണ്ണെണ്ണയും ബാരലും സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.ഇത് ജില്ലാ കളക്ടര്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര അമരവിളയിലായിരുന്നു സംഭവം.വിപണിയില്‍ 2 ലക്ഷത്തോളം രൂപ വില വരും.

അമരവിളയ്ക്കടുത്ത് ദേശീയപാതയില്‍ ടയര്‍ പഞ്ചറായി കേരള ഗവണ്‍മെന്റ് ബോര്‍ഡ് വച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട നെയ്യാറ്റിന്‍കര ടി.എസ്.ഒയും സംഘവും സംശയത്തെ തുടര്‍ന്നാണ് വാഹനം പരിശോധിച്ചത്. തമിഴ്‌നാട്ടിലെ റേഷന്‍കടകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ കേരളത്തിലെ തീരദേശ മേഖലകള്‍ ലക്ഷ്യമിട്ട് വില്‍ക്കാന്‍ കൊണ്ടുവന്നതായിരുന്നു.

വാഹനത്തിന് ഫിറ്റ്‌നെസുമില്ലെന്ന് പൊലീസ് പറഞ്ഞു. വാഹന ഉടമയെ ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.നെയ്യാറ്റിന്‍കര ടി.എസ്.ഒ എച്ച്.പ്രവീണ്‍കുമാര്‍,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബിജുരാജ്,സുനില്‍ ദത്ത്,രാധാകൃഷ്ണന്‍,ഗിരീഷ് ചന്ദ്രന്‍ തുടങ്ങിയവരാണ് വാഹനം പിടികൂടിയത്.

കേരളത്തിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകുവാന്‍ വള്ളങ്ങളിലും ബോട്ടുകളിലും ഇന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാറില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് തമിഴ്‌നാട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള മണ്ണെണ്ണ കൊണ്ടുവരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.