''മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു, പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു, നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം മനസുമാത്രം എന്റെ മനസുമാത്രം... നിങ്ങളിൽ എത്രപേർ ഈ ലളിതഗാനം കേട്ടിട്ടുണ്ടെന്ന് അറിയില്ല. ഏകദേശം നാൽപ്പത് കൊല്ലങ്ങൾക്കു മുൻപ്, ആകാശവാണിയിലൂടെ നിരവധി തവണകേട്ട്, കുട്ടികളുൾപ്പെടെ പാടിയ ലളിതഗാനമാണെന്ന് അറിയാം! നമ്മൾ മനസിലാക്കേണ്ട മനസിന്റെ അടിസ്ഥാന പ്രവർത്തനമാണ് ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.""ഒരു ഗാനം പാടിക്കൊണ്ട്, പ്രഭാഷകൻ സംവദിക്കാൻ തുടങ്ങിയപ്പോൾ എല്ലാവർക്കും കൗതുകമായി. പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''കാവാലത്തിന്റെ ഈ വരികൾ അതിമനോഹരമാണെങ്കിലും, ഒരിക്കലും സംതൃപ്തിയടയാത്ത മനുഷ്യ മനസിന്റെ ശാശ്വതമായൊരു ചിത്രം നമുക്കാദ്യം വരച്ചു കാട്ടിയത് പൂന്താനമായിരുന്നു! നൂറ്റാണ്ടുകൾക്ക് മുൻപ് രചിച്ചതാണെങ്കിലും, നമ്മുടെയൊക്കെ മനസിൽ നോക്കി സ്കാൻ ചെയ്തു കണ്ടുപിടിച്ചതാണെന്ന് തോന്നും! അതിപ്രകാരമാണ്: 'പത്തുകിട്ടുകിൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ്ചര്യമെന്നതും ആശയായുള്ള പാശ മതിങ്കേന്നു വേറിടാതെ കരേറുന്നു മേൽക്കുമേൽ". മനുഷ്യ മനസിനെ ഇത്രയേറെ സൂക്ഷ്മമായി ആധുനിക മനഃശാസ്ത്രജ്ഞന്മാർ പോലും കണ്ടെത്തിയിട്ടുണ്ടോയെന്നു സംശയമാണ്!
എൺപതും തൊണ്ണൂറും വർഷങ്ങൾ നല്ല തെളിച്ചത്തിൽ ജീവിതം നയിച്ച പ്രതിഭാധനരായ മനുഷ്യർ മണ്ണിലുള്ളപ്പോൾ ഏതു കമ്പ്യൂട്ടറിനാണ് മാസങ്ങൾ കഴിയുമ്പോൾ കാലഹരണപ്പെടാതെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നതെന്ന് മാത്രംചിന്തിച്ചാൽ മതി! പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവികളുടേയും ആഗ്രഹ സഫലീകരണം അന്നത്തിലും, ലൈംഗികതയിലുമൊതുങ്ങുമ്പോൾ, മനുഷ്യന്റെ അത്യാഗ്രഹങ്ങൾ മുന്നൂറു മുക്കോടിക്കും മുകളിലാണ്! എന്തായാലും ഒരു അത്യന്താധുനിക മനസുകൂടി കണ്ടുപിരിയാം: ഇന്ന്
'മാളുകൾ" ഏവർക്കും സുപരിചിതമാണ്. എന്നാൽ നമ്മുടെ 'മാളിൽ" വില്പന സാധനങ്ങൾക്കു പകരം ഏഴുനിലകളിൽ വിവാഹം കഴിക്കാനാഗ്രഹമുള്ള യുവാക്കളുടെ വിവരങ്ങളാണ്. അവിടേക്ക്, വിവാഹിതരാകാൻ താത്പര്യമുള്ള യുവതികൾക്ക് കടന്നുചെന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. അവിടേക്ക് ഒരു പെൺകുട്ടി കടന്നുചെല്ലുന്നു. അവിടത്തെ നിയമപ്രകാരം ഒന്നാം നിലയിൽ ഇഷ്ടപ്പെട്ട വരനെ ലഭിച്ചില്ലെങ്കിൽ അടുത്തനിലയിലേക്ക് പോകാം. പക്ഷെ, താഴോട്ട് ഇറങ്ങാൻ പാടില്ല, മറുവശത്തു കൂടി പുറത്തു പോകാനെ കഴിയു. ഒന്നാം നിലയിലെത്തിയ പെൺകുട്ടി കണ്ടത് ജോലി ചെയ്ത് കുടുംബം നോക്കുന്ന യുവാക്കളെയാണ്, പക്ഷെ, സ്നേഹം പ്രകടിപ്പിക്കുന്നവരല്ല! രണ്ടാം നിലയിലെ യുവാക്കൾ സ്നേഹ സമ്പന്നരാണ്, പണം സൂക്ഷിക്കില്ല. മൂന്നാം നിലയിലുള്ളവർ ജോലിക്കു പോകാൻ താത്പര്യമുള്ളവരല്ല. കുഞ്ഞുങ്ങളെ നോക്കി വളർത്താൻ ഇഷ്ടമാണ്. അടുത്ത നിലയിലുള്ളവർ സാമ്പത്തികം കുറഞ്ഞവരും സ്നേഹസമ്പന്നരുമാണ്. വീണ്ടും മുകളിലെത്തിയപ്പോൾ മദ്യപാനം ശീലമാക്കിയ പണക്കാരെയാണ് കണ്ടത്. അതുകണ്ടപ്പോൾ തന്നെ അവൾ അടുത്ത നിലയിലേക്ക് പോയി. അവിടെയുള്ളവർ മദ്യപാനമില്ലാത്തവരും ജോലി നോക്കുന്നവരുമാണ്. പക്ഷെ, സുന്ദരന്മാരല്ല. ആറാം നിലയിൽ, സുന്ദരന്മാരും ജോലിക്കുപോകാത്തെ ആളുകളെയുമാണ് കണ്ടത്. ഏതായാലും ഏഴാം നിലയിൽ തനിക്കുള്ള വരനുണ്ടെന്ന പ്രതീക്ഷയിൽ ചെന്നപ്പോൾ, അവിടം ശൂന്യമായിരുന്നു.
ചുമരിൽ തൂക്കിയിരുന്ന ബോർഡിൽ ഇപ്രകാരം എഴുതിയിരുന്നു: നിങ്ങളുടെ ഭാവി വരൻ ഇനിയും ജനിച്ചിട്ടില്ല. നിങ്ങൾക്ക് പുറത്തേക്കുള്ള വഴി ഇടതുവാതിലിൽ കൂടിയാണ്! ഈ പെൺകുട്ടിയുടെ മനസുപോലെ ഇത്ര സൂക്ഷ്മമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഏതു ബ്രാണ്ടാണ്? "" സദസിലുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും കൂടിച്ചേർന്നു.