മലയാളത്തിലെ താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. ചില വിവാദങ്ങൾ പുറത്തെത്തിയെങ്കിലും തിരഞ്ഞെടുപ്പ് ഭംഗിയായി കഴിഞ്ഞെന്നാണ് താരങ്ങൾ അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം യോഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകുകയാണ്. അതിൽ ഒരു വീഡിയോയാണ് സിനിമ പ്രേമികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അമ്മ സംഘടന രൂപീകരിച്ചതിനെക്കുറിച്ച് നടൻ മണിയൻപിള്ള രാജു തുറന്നുപറയുന്നതാണ് വീഡിയോയിലുള്ളത്. നടനും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കാരണമാണ് അമ്മ സംഘടന രൂപം കൊണ്ടതെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
മണിയൻപിള്ള രാജുവിന്റെ വാക്കുകളിലേക്ക്....
'1994ൽ സുരേഷ് ഗോപി എന്റടുത്ത് വന്ന്, ബാക്കി എല്ലാവർക്കും സംഘടനകളായി, നമുക്ക് മാത്രം ആയിട്ടില്ലെന്ന് പറഞ്ഞു. നമുക്ക് ഒരെണ്ണം ഉണ്ടാക്കിയെടുക്കണം. രാജുചേട്ടൻ അതിന് മുൻകൈ എടുക്കണമെന്നും പറഞ്ഞു. അന്ന് സുരേഷ് ഗോപി 25,000 രൂപ തന്നു. ഞാനും ഗണേശ് കുമാറും പതിനായിരം രൂപ വച്ച് ഇട്ടു. ഈ പൈസ വച്ച് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ വച്ച് ഒരു യോഗം ചേർന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ 85 പേര് വന്നു.
ഒരു സദ്യയൊക്കെ വച്ച് രാവിലെ മുതൽ വൈകീട്ട് വരെ യോഗം നടന്നു. അങ്ങനെയാണ് അമ്മ സംഘടന തുടങ്ങുന്നത്. സംഘടനയുടെ ഒന്നാം നമ്പർ അംഗത്വം സുരേഷ് ഗോപിയും രണ്ടാം അംഗത്വം ഗണേശ് കുമാറും മൂന്നാം അംഗത്വം ഞാനും എടുത്തു. അങ്ങനെ ഞങ്ങൾ ഈ സംഭവം തുടങ്ങി. പിന്നാലെ ഒരു ഷോ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ നമ്മളെ വിട്ടുപോയ ഗാന്ധിമതി ബാലൻ ആ ഷോ ഏറ്റെടുക്കുന്നു. അങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ഷോ നടത്തുന്നു. ഈ ഷോ വൻ വിജയമായി. അതായിരുന്നു അമ്മയുടെ ആദ്യത്തെ ഫണ്ട്. അന്നത്തെ ഷോയിൽ അമിതാബ് ബച്ചൻ, കമലഹാസൻ എന്നിവർ വന്നിരുന്നു.
അന്ന് അമ്മ തുടങ്ങുന്ന സമയത്ത് 110 പേരാണുണ്ടായിരുന്നത്. അങ്ങനെ കൂടിക്കൂടി ഇപ്പോൾ 500ൽ കൂടുതൽ പേരായി. നല്ല കാര്യങ്ങളുമായി അമ്മ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ 25 വർഷമായി ഇടവേള ബാബുവും നല്ല സേവനമാണ് കാഴ്ചവച്ചത്. ഇനി അങ്ങോട്ട് മോഹൻലാൽ പ്രസിഡന്റ് ആയതുകൊണ്ട് സംഘടന കൂടുതൽ ശക്തിപ്പെടും. ഇനി അങ്ങോട്ട് ഒരുപാട് ഷോകൾ വരുന്നുണ്ട്'- മണിയൻപിള്ള രാജു പറഞ്ഞു.