കുറച്ചു നാളായി കേരളത്തിന്റെ പൊതുസമൂഹത്തിൽ സമുദായ പ്രീണനം, മതവിദ്വേഷം, ഇസ്ലാം വിരോധം തുടങ്ങിയവ സജീവമാണ്. തിരഞ്ഞെടുപ്പിനു ശേഷം അത് കൂടുതൽ ശക്തമായി. സർക്കാർ ജീവനക്കാരുടെ സാമുദായിക പ്രാതിനിദ്ധ്യം സംബന്ധിച്ച ഒരു കണക്ക് ഏതാനും ദിവസം മുമ്പ് നിയമസഭയിൽ സമർപ്പിക്കപ്പെട്ടു. മന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടു മുമ്പ് കെ. രാധാകൃഷ്ണൻ അംഗീകരിച്ച് പി. ഉബൈദുള്ള എം.എൽ.എയ്ക്ക് ജൂൺ 25-ന് നിയമസഭയിൽ നൽകിയ ഉത്തരത്തിലാണ് ഈ കണക്ക്. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നടത്തി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവരും, സംവരണം മെറിറ്റ് ഇല്ലാതാക്കുമെന്നും, അത് അവസാനിപ്പിക്കണമെന്നും, സംവരണം കാരണം തങ്ങൾക്കൊന്നും കിട്ടിയില്ലെന്നും വിലപിക്കുന്നവരും മനസിലാക്കുന്നതിനാണ് ഈ വസ്തുതകൾ രേഖപ്പെടുത്തുന്നത്. സർക്കാർ സർവീസിലെയും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിലെയും പ്രാതിനിദ്ധ്യ വിവരങ്ങളാണ്‌രേഖപ്പെടുത്തുന്നത്.
ജനങ്ങളുടെ സാമുദായിക ജനസംഖ്യാ കണക്ക് ലഭ്യമല്ല. അതിനു വേണ്ടി ജാതി/ സമുദായം തിരിച്ചുള്ള സെൻസസ് വേണമെന്ന ആവശ്യം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന പ്രധാന കക്ഷികളാരും ഉന്നയിക്കുന്നില്ല. സർക്കാരും ഉരുണ്ടുകളിക്കുന്നു. സത്യം പുറത്തുവന്നാൽ അത് പലർക്കും, വിശേഷിച്ച് അധികാരം കുത്തകയാക്കിയ വിഭാഗങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നതുകൊണ്ടാകാം ഈയൊരു നിലപാട് തുടരുന്നത്. 1931-ലെ സെൻസസ് വിവരങ്ങളും തുടർന്ന് നാട്ടിൽ ലഭ്യമായിട്ടുള്ള വിശ്വസനീയമായ ഡാറ്റകളുടെയും അടിസ്ഥാനത്തിലാണ് ഇവിടെ ജനസംഖ്യാ കണക്കുകൾ ഉദ്ധരിക്കുന്നത്. തർക്കമുള്ളവർ ജാതി, സമുദായ സെൻസസ് നടപ്പാക്കി സത്യം പുറത്തുവരാൻ പരിശ്രമിക്കുക.
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ യഥാക്രമം 27, 18, 55 ശതമാനം വീതമാണ്. തർക്ക സാദ്ധ്യത കൂടുതലായി വരാനിടയുള്ളത് നായർ, ഈഴവ സമുദായങ്ങളുടെ കണക്കാണ്. കേരളത്തിലെ പിന്നാക്ക വിഭാഗ പട്ടികയിലുള്ൽള വിളക്കിത്തല നായർ, വെളുത്തേടത്ത് നായർ, ചക്കാല നായർ, ആന്തൂർ നായർ തുടങ്ങി വിവിധ പിള്ള സമുദായങ്ങൾ ഉൾപ്പെടെയുള്ളവയെല്ലാം നായർ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കൂടിയ ജനസംഖ്യ ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്നത്. ഈഴവ സമുദായം ജനസംഖ്യയുടെ മൂന്നിലൊന്നുണ്ട്, മുപ്പതു ശതമാനമുണ്ട് എന്നൊക്കെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു എന്നാണ് വിലയിരുത്തുന്നത്.
ഏകദേശ ജനസംഖ്യ
മുസ്ലിം: 27%
ഈഴവ/ തീയ്യ/ ബില്ലവ: 24%
നായർ/മേനോൻ/നമ്പ്യാർ: 8%
വിശ്വകർമ്മ: 5%
മറ്റു പിന്നാക്ക ഹിന്ദുക്കൾ: 7%
പട്ടികജാതി/വർഗം: 11%
സിറിയൻ ക്രിസ്ത്യൻ: 9%
ലത്തീൻ ക്രിസ്ത്യൻ: 5%
നാടാർ ക്രിസ്ത്യൻ: 1%
പരിവർത്തിത ക്രിസ്ത്യൻ: 3%
ഇപ്പോൾ നിയമസഭയിൽ ലഭ്യമാക്കിയ കണക്ക് തയ്യാറാക്കിയത് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നേതൃത്വത്തിലാണ്. സർക്കാർ സ്ഥാപനമായ സിഡിറ്റിനാണ് ചുമതല നൽകിയത്. e -CDESK (Caste Database of Employees in Service Kerala) എന്ന വെബ് പോർട്ടൽ 2017-ൽ തയ്യാറാക്കി, ശേഖരിച്ച വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. 5,45,423 ഉദ്യോഗസ്ഥരുടെ വിവരങ്ങളുണ്ട്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർക്കു പുറമേ പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിലെ എല്ലാ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും വിവരങ്ങളുണ്ട്. സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 2019-ലെ ശമ്പള കമ്മിഷൻ റിപ്പോർട്ട് പ്രകാരം 2019-20ൽ 5,15,639 ആണ്. സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് ബോർഡിന്റെ 2021- 22 റിപ്പോർട്ട് പ്രകാരം ആകെ 14.6 ലക്ഷം ജീവനക്കാരുണ്ടെന്നാണ് കാണുന്നത്. എല്ലാ ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് ആറു വർഷം നീണ്ട വിവര സമാഹരണത്തിലൂടെ ശേഖരിച്ചത് 316 സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം അഞ്ചര ലക്ഷം ജീവനക്കാരുടെ കണക്കുകൾ!
അതിൽ സർക്കാരിൽ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ എണ്ണം തിരിച്ചറിയാനാവില്ല. ഓരോ വകുപ്പിലെയും ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്കും ലഭ്യമല്ല. വളരെ കഷ്ടപ്പെട്ട് സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ഞാൻ സമാഹരിച്ചപ്പോൾ കിട്ടിയത് 4,50,340പേരുടേതു മാത്രം. ജി.എസ്.ടി പോലെ വളരെ പ്രധാനപ്പെട്ട വകുപ്പിലെ വിവരങ്ങൾ ലഭ്യമല്ല. ആറായിരത്തിനു മേൽ ജീവനക്കാരുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 179 പേർ എന്നാണ് കണക്ക്. (സവർണ വിഭാഗങ്ങളെ ഒഴിവാക്കിയതാകാം). കെ.എസ്.ആർ.ടി.സിയുടെ കണക്കുണ്ടെങ്കിലും കെ.എസ്.ഇ.ബിയിലേത് ഇല്ല. ഇത് ഉദാഹരണങ്ങൾ മാത്രം.
സർക്കാർ വകുപ്പുകളുംകോർപ്പറേഷനുകളും ബോർഡുകളും കമ്പനികളും കമ്മിഷനുകളും സഹകരണ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുമെല്ലാം ഇടകലർന്ന്, ഒരുവിധത്തിലും വേർതിരിച്ചെടുക്കാനാകാത്ത വിധമാണ് റിപ്പോർട്ട് സഭയിൽ ലഭ്യമാക്കിയത്. സമുദായം തിരിച്ച പട്ടിക ഏതു സർക്കാർ വകുപ്പിലേതോ കമ്പനിയിലേതോ കോർപ്പറേഷനിലേതോ ആണെന്ന് തിരിച്ചറിയാനാവില്ല. (നല്ലൊരു സോഫ്ട്വെയറിൽ ഇതൊക്കെ നിമിഷങ്ങൾക്കകം സമാഹരിക്കാവുന്നതാണ്. സർക്കാരിന് താത്പര്യമില്ലല്ലോ!) ഇത് സഭയ്ക്കു നൽകിയ ഉദ്യോഗസ്ഥനും സ്വീകരിച്ച ഉദ്യോഗസ്ഥനും ആവശ്യമില്ലെങ്കിലും ജനപ്രതിനിധികളുടെ സഭയിൽ ഇതു സമർപ്പിച്ച മന്ത്രിയും സ്വീകരിച്ച ജനപ്രതിനിധിയും എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ ഇനിയും കൗതുകമുണ്ട്. ഈ വിവരങ്ങൾക്കായി നിരന്തരം പ്രക്ഷോഭങ്ങളും സമ്മർദ്ദങ്ങളുമുഉണ്ടാക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളോട് പ്രത്യേകിച്ചും, ജനങ്ങളോട് പൊതുവെയുമുള്ള 'കൊഞ്ഞനം കുത്തൽ" മാത്രമാണിത്. വിശന്നു വലഞ്ഞ പാവപ്പെട്ടവന്റെ പാത്രത്തിലേക്ക് കഞ്ഞിക്കൊപ്പം മണ്ണുകൂടി വാരിയിട്ട അവസ്ഥ. (കഞ്ഞി കൊടുക്കാൻ താത്പര്യമില്ലായിരുന്നു. നിർബന്ധിതമായപ്പോൾ കുടിക്കാതിരിക്കത്തക്ക രൂപത്തിൽ നൽകി).
സഭയിൽ നൽകിയ
പ്രാതിനിദ്ധ്യ കണക്ക്
(എണ്ണം, ശതമാനം)
പൊതു വിഭാഗം: 1,96,837 (36.08)
ഒ ബി സി: 2,85,335 (52.31)
പട്ടികജാതി: 51,738 (9.49)
പട്ടികവർഗ്ഗം: 10,513 (1.92)
ഒന്നിലുംപെടാത്തവർ: 955 (0.17)
ആകെ: 5,45,423 (99.97)
ഇതിൽ പൊതുവിഭാഗത്തിൽപ്പെട്ട നായർക്കും സിറിയൻ ക്രിസ്ത്യനും ഒ.ബി.സി വിഭാഗത്തിലെ ഈഴവനും മുസ്ലിമിനും ലഭിച്ച പ്രാതിനിധ്യം ഇനി ചേർക്കുന്നു (ഓരോ സമുദായത്തിനും അർഹമായ പ്രാതിനിദ്ധ്യ ശതമാനം ബ്രാക്കറ്റിൽ)
നായർ: 1,08,012- 19.8% (8%)
സിറി. ക്രിസ്ത്യൻ: 73,713- 13.51% (9%)
മുസ്ലിം: 73,774- 13.51% (7%)
ഈഴവ: 1,15,075- 21.09% (24%)
നായർ സമുദായത്തിന് അർഹമായതിലും ഇരട്ടി ലഭിച്ചപ്പോൾ മുസ്ലിം സമുദായത്തിന് അർഹമായതിന്റെ പകുതി മാത്രം. 24 ശതമാനത്തിന് അർഹതയുള്ള ഈഴവർക്ക് 21% മാത്രവും. അമിതവും അനർഹവുമായ പ്രാതിനിദ്ധ്യം ആർക്കെന്ന് ഇതിലൂടെ വ്യക്തമാണ്. മന്ത്രിസഭയിലും നിയമസഭയിലും ലോക‌്സഭയിലും ഓരോ സമുദായത്തിനുമുള്ള പ്രാതിനിദ്ധ്യം കൂടി കാണുക.
മന്ത്രിസഭ
മുസ്ലിം: 2 (9.5%)
നായർ: 9 (42.9%)
ഈഴവ: 5 (23.8%)
സിറി.ക്രിസ്ത്യൻ: 4 (19%)
പട്ടികവർഗം: 1 (4.8%)
പട്ടികജാതിക്കാർക്ക് പ്രതിനിദ്ധ്യമില്ലാത്ത ആദ്യ മന്ത്രിസഭ. ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെയും ചീഫ് വിപ്പിനെയും കണക്കുകൂട്ടിയാൽ ക്യാബിനറ്റ് പദവിയുള്ള 11 നായന്മാർ ഉണ്ട്.
എം.എൽ.എ മാർ
മുസ്ലിം: 33 (23.6%)
നായർ: 31 (22.1%)
ഈഴവ: 23 (16.4%)
പട്ടികജാതി: 14 (10%)
പട്ടികവർഗം: 2 (1.4%)
സിറി. ക്രിസ്ത്യൻ: 20 (14.3%)
ലാറ്റിൻ ക്രിസ്ത്യൻ: 6 ( 4.3%)
മറ്റു പിന്നാക്ക വിഭാഗം: 10 (7.2%)
ബ്രാഹ്മിൻ: 1 (0.7%)
ആകെ: 140
ഈഴവ സമുദായത്തിന് 24% പ്രാതിനിദ്ധ്യം ഉണ്ടാകേണ്ട സ്ഥാനത്ത് ലഭിച്ചത് 16.4% മാത്രം. പ്രതിപക്ഷത്ത് ഈഴവ സമുദായത്തിൽ നിന്ന് കോൺഗ്രസിലുള്ള ഒരാൾ മാത്രം. 27 ശതമാനം ലഭിക്കേണ്ട സ്ഥാനത്ത് മുസ്ലിമിന് ലഭിച്ചത് 23.6% മാത്രം (അത്രയും ലഭിച്ചത് അവരുടെ സംഘടിത ശ്രമംകൊണ്ടും മുസ്ലിം ലീഗ് എന്ന പാർട്ടി ഉള്ളതുകൊണ്ടും) 8% ലഭിക്കേണ്ട നായർക്ക് ലഭിച്ചത് 22%.
എം.പിമാർ
മുസ്ലിം: 3
നായർ: 7
ഈഴവ: 2
പട്ടികജാതി: 2
സിറി. ക്രിസ്ത്യൻ: 4
ലാറ്റിൻ ക്രിസ്ത്യൻ: 1
ബ്രാഹ്മിൻ: 1
ആകെ: 20
ഓരോ സമുദായത്തിന്റെയും പ്രാതിനിദ്ധ്യം വിലയിരുത്തിയശേഷം അർഹമായതു കിട്ടാത്തവർ അത് നേടിയെടുക്കാനുള്ള പരിശ്രമം നടത്തുക. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടിസ്ഥാനമില്ലാതെ ഉന്നയിച്ച് പരസ്പര വിദ്വേഷവും കലഹവും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.