മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 120 വർഷം തടവുവിധിച്ച് കോടതി. കുട്ടിയുടെ ബന്ധുവാണ് പ്രതി. മലപ്പുറം കൊണ്ടോട്ടിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
അതിനിടെ മഞ്ചേരിയിൽ ഭാര്യ ജോലിക്കുപോയ സമയത്ത് മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കണ്ണൂർ സ്വദേശിക്ക് കോടതി 96 വർഷം കഠിന തടവ് വിധിച്ചു. 12കാരനായ മകനെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെതിരെയാണ് മഞ്ചേരി പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക കുട്ടിക്ക് നൽകാനാണ് കോടതി നിർദേശം.
പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലാണ് താമസിച്ചിരുന്നത്. 2022 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യ ജോലിക്കുപോയ സമയത്ത് മകനെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് മകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലിക്കുപോയ ഭാര്യ തിരികെയെത്തിയപ്പോൾ അവശനായി കിടക്കുന്ന മകനെകണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. മാസങ്ങളായി പിതാവ് പീഡിപ്പിക്കുകയാണെന്നാണ് മകൻ വെളിപ്പെടുത്തിയത്.