
ന്യൂയോർക്ക് : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇക്വഡോറും തമ്മിൽ ആദ്യ ക്വാർട്ടർ ഫൈനൽ. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ കിക്കോഫ്.
ഗ്രൂപ്പ് എയിലെ മൂന്ന് കളികളും ജയിച്ച് ക്വാർട്ടറിലേക്ക് എത്തിയ അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയല്ല ഇക്വഡോർ. എന്നാൽ ചിലിക്ക് എതിരായ ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ മെസി ക്വാർട്ടറിൽ കളിക്കാനിറങ്ങുമോ എന്നതാണ് ആശങ്ക. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പെറുവിന് എതിരെ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. അവസാനവട്ട പരിശീലനത്തിന് ശേഷം മെസിയുടെ പരിക്കിന്റെ സ്ഥിതി വിലയിരുത്തിയേ മത്സരത്തിനുള്ള ഇലവൻ തീരുമാനിക്കൂ എന്നാണ് അർജന്റീനാ കോച്ച് ലയണൽ സ്കലോണി അറിയിച്ചത്.
മികച്ച ഫോമിലുള്ള ലൗതാരോ മാർട്ടിനെസാണ് അർജന്റീനയുടെ ഇപ്പോഴത്തെ മിന്നും സ്റ്റാർ. ടൂർണമെന്റിൽ അർജന്റീന ഇതുവരെ നേടിയ അഞ്ചു ഗോളുകളിൽ നാലും നേടിയത് ലൗതാരോയാണ്. ജൂലിയൻ അൽവാരസ്,എയ്ഞ്ചൽ ഡി മരിയ,പലാഷ്യോസ്,പരേഡേസ്.ഓട്ടമെൻഡി,തഗ്ളിയാഫിക്കോ,ഗോളി എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ കരുത്തരും ടീമിലുണ്ട്.
ഗ്രൂപ്പ് ബിയിൽ ജമൈക്കയെ മാത്രം തോൽപ്പിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇക്വഡോർ ക്വാർട്ടറിലേക്ക് എത്തിയത്. വെനിസ്വേലയോട് തോൽക്കുകയും മെക്സിക്കോയോട് ഗോൾരഹിത സമനില പാലിക്കുകയും ചെയ്തിരുന്നു.
40 മത്സരങ്ങളിൽ അർജന്റീനയും ഇക്വഡോറും ഏറ്റുമുട്ടിയിട്ടുണ്ട്.
24 കളികളും വിജയിച്ചത് അർജന്റീന
11 കളികൾ സമനിലയിലായി
05 ജയങ്ങൾ മാത്രം ഇക്വഡോറിന്
2021ലെ കോപ്പ ക്വാർട്ടറിൽ ഇക്വഡോറിനെ 3-0ത്തിന് വീഴ്ത്തിയാണ് അർജന്റീന സെമിയിലെത്തിയത്.
2015 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അവസാനമായി ഇക്വഡോർ അർജന്റീനയെ തോൽപ്പിച്ചത്.