കൊച്ചി: സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ ഗുണ്ടാത്തലവൻ ഭായി നസീറിനെ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. കേസിലെ ഏഴാംപ്രതിയാണ്. സ്ഥാപനം നടത്തിപ്പിന് ഇയാളാണ് സംരക്ഷണം നൽകിയിരുന്നത്. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഇയാളെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. നോർത്ത് സി.ഐ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. അന്യസംസ്ഥാനത്തുനിന്ന് പെൺകുട്ടികളെ ജോലി നൽകാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുവന്നാണ് പഴയ കതൃക്കടവ് റോഡിലെ ഓൾഗ ഹോംസ്‌റ്റേ എന്ന സ്ഥാപനത്തിൽ പെൺവാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ എട്ടുപേരാണ് അറസ്റ്റിലായത്. മാർച്ച് ഒന്നിന് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ രണ്ട് ബംഗളൂരു സ്വദേശിനികളും കൊല്ലം സ്വദേശിനിയും ഇവിടെയുണ്ടായിരുന്നു. മൂന്ന് നിലയിലുള്ള കെട്ടിടത്തിൽ ഒമ്പതുമാസംമുമ്പാണ് സ്പായും ഹോംസ്‌റ്റേയും പ്രവർത്തനംആരംഭിച്ചത്.