feast-of-saint-thomas

ആംസ്റ്റർഡാം: നെതര്‍ലാന്‍ഡ്‌സിലെ മലയാളി സമൂഹം വർഷാനുവർഷം വളരുകയാണ്. ഈ വളർച്ചയുടെ ഓരോ പാദത്തിലും മലയാളി സമൂഹം അവരുടെ ജന്മനാട്ടിലെ തനതായ ആചാരങ്ങളെയും, പൈതൃകോത്സവങ്ങളെയും ഹോളണ്ടിലെ പ്രവാസജീവിതത്തിലേയ്ക്ക് കോർത്തിണക്കുകയാണ്.

കേരളീയ ക്രിസ്ത്യൻ കലണ്ടറിലെ ഏറ്റവും മഹത്തായ വേളകളിൽ ഒന്നായ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാൾ നെതര്‍ലാന്‍ഡ്‌സിലെ മലയാളി -ക്രിസ്ത്യൻ വിശ്വാസികൾ ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചാം തീയതി മഹനീയമായി കൊണ്ടാടി. നെതര്‍ലാന്‍ഡ്‌‌സ് പ്രവാസി മലയാളികളുടെ ഒരു കേന്ദ്ര ബിന്ദുവായ ഹിൽവെർസം നഗരത്തിലെ സെന്റ് വിറ്റസ്‌ പള്ളിയിലാണ് തോമാശ്ലീഹയുടെ തിരുനാൾ പൈതൃകമൂല്യങ്ങൾ ഒട്ടും ചോർന്നുപോകാതെ വർണാഭമായി കൊണ്ടാടിയത്.

പെരുന്നാൾ കൊടിയേറ്റത്തിന് അനന്തരം ഫാദർ ബാബു പാണാട്ടുപറമ്പിൽ നെവിൻ ഇയ്യാലിന്റെ വിശുദ്ധ കാർമികത്വത്തിൽ നയിച്ച കുർബാനയിൽ ഏവരും വിശ്വാസപുരസ്സരം പങ്കുചേർന്നു. ഫാ.ജോർജ് പയ്യമ്പള്ളിൽ, ഫാ.നെവിൻ എയ്യാലിൽ എന്നിവരുടെ നേതൃത്വത്തിൽ നെതര്‍ലാന്‍ഡ്‌സിൽ നിന്നുള്ള പത്തോളം ക്രിസ്തീയ പുരോഹിതന്മാർ ഈ പെരുന്നാൾ മഹാമഹത്തിന്റെ ഭാഗഭാക്കായി വിശ്വാസികളെ അനുഗ്രഹിച്ചു.


തനതായ നാടൻ വേഷങ്ങളിൽ അണിഞ്ഞൊരുങ്ങിയ വിശ്വാസികൾ, കുർബാനക്ക് ശേഷം, മുത്തുക്കുടകളും, പൂച്ചെണ്ടുകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, വിശുദ്ധ തോമാശ്ലീഹായുടെ തിരുരൂപവുമേന്തി നടത്തിയ പ്രദക്ഷിണം ഒരുത്സവത്തിന്റെ നിറപ്പകിട്ട് പകർന്നുനൽകി. സെഫാഫിം മെഡ്‌ലെ മ്യൂസിക്കൽ ഡിജെ ബാൻഡിന്റെ സംഗീതനിശയിലും വിപുലമായ വിരുന്നിലും പങ്കെടുത്താണ് ഓരോ വിശ്വാസിയും മടങ്ങിയത്.

നെതര്‍ലാന്‍ഡ്‌സിൽ പുതുതായി വന്ന ഓരോ പ്രവാസിക്കും പരസ്പരം കണ്ടുമുട്ടാനും കൈകോർക്കാനും പൈതൃകസ്മരണകളെ തൊട്ടുണർത്താനുമുള്ള ഒരു അപൂർവ്വവേളയായി തോമാശ്ലീഹയുടെ വിശുദ്ധ തിരുന്നാൾ മാറി. പരസ്പരം സഹകരിക്കാനും, സഹായിക്കാനുമുള്ള നെതര്‍ലാന്‍ഡ്‌സിലെ മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറയുടെ ആർജ്ജവത്തിന്റെ ഒരു പ്രകാശനം കൂടി ആയിരുന്നു ഈ വിശുദ്ധ തിരുന്നാൾ.