മഞ്ചേരി : 12കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിനെ മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 96 വര്‍ഷം കഠിന തടവിനും 8.11 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷിച്ചത്.

അവധി ദിവസങ്ങളിൽ വാടക ക്വാർട്ടേഴ്സിലെത്തുന്ന പ്രതി ഭാര്യ വീട്ടുജോലിക്ക് പുറത്തു പോകുന്ന സമയത്താണ് പീഡനം നടത്തിയിരുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ദിവസം പ്രതി വീട്ടിലുള്ളപ്പോള്‍ ഭാര്യ ജോലിസ്ഥലത്തു നിന്നും ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയില്‍ അവശനായി കിടക്കുന്ന മകനെ കണ്ടു. ചോദിച്ചപ്പോഴാണ് 2021 ഫെബ്രുവരി മുതല്‍ നടന്നു വരുന്ന പീഡന വിവരം അറിയുന്നത്. എന്നാല്‍ വീട്ടമ്മ ഇക്കാര്യം പുറത്തു പറഞ്ഞില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മുക്കത്തുള്ള സൈക്കോളജിസ്റ്റിനെ കാണിച്ചു. കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം നൽകി. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളില്‍ 40 വര്‍ഷം വീതം തടവ്, മൂന്ന് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഇരു വകുപ്പുകളിലും നാല് മാസം വീതം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വര്‍ഷവും കഠിന തടവും അനുഭവിക്കണം. ഇരുവകുപ്പുകളിലും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടയ്ക്കാത്ത പക്ഷം രണ്ടു മാസം വീതം അധിക തടവും അനുഭവിക്കണം. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിനതടവ് ,​ 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ്, തടഞ്ഞുവച്ചതിന് ഒരു വര്‍ഷം കഠിനതടവ്,​ 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 15 ദിവസത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോമ്പൻസേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.