p

സർവകലാശാലകളിൽ നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ്. എന്നാൽ ആശങ്ക അസ്ഥാനത്താണ്. വിദേശ സർവകലാശാലകളിലും ചില ഇന്ത്യൻ സർവകലാശാലകളിലും വർഷങ്ങളായി നടപ്പാക്കിവരുന്നതാണ് നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ കോളേജുകളും ഇതര കോഴ്സുകൾ ഓഫർ ചെയ്യാൻ തുടങ്ങി എന്നേയുള്ളൂ. കേരള കാർഷിക സർവകലാശാല നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം പതിറ്റാണ്ടുകളായി നടത്തിവരുന്നു. ഓണേഴ്‌സ് ബിരുദ പ്രോഗ്രാം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളുണ്ട്. അവർക്ക് താത്പര്യമുള്ള മേജർ, മൈനർ വിഷയങ്ങൾ പഠിക്കാം. അവയിൽ ഏറ്റവും താത്പര്യമുള്ളവയിൽ സ്‌പെഷ്യലൈസ് ചെയ്യാം. സ്കിൽ വികസനം, ഇന്റേൺഷിപ്പുകൾ, സാങ്കേതിക വിദ്യ എന്നിവയ്‌ക്ക്‌ കൂടുതൽ ഊന്നൽ ലഭിക്കും. രാജ്യത്തെ മൂന്നിലൊന്നോളം വരുന്ന അഭ്യസ്തവിദ്യരായ 18-24 വയസ് വവരെയുള്ള യുവതീ യുവാക്കളിൽ തൊഴിലില്ലായ്മ നിരക്ക് 42 ശതമാനമാണ്. കേരളത്തിലെ മൊത്തം തൊഴിലില്ലായ്മ 31.8 ശതമാനമാണെന്ന് അടുത്തയിടെയുള്ള ലേബർ സർവ്വേ വ്യക്തമാക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം 2020 നാലു വർഷ ബിരുദ പ്രോഗ്രാം പ്രോത്സാഹിപ്പിച്ചു വരുന്നു. ആഗോള വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ മേഖല പ്രവർത്തിക്കുമ്പോൾ കാലികമായ മാറ്റം ബിരുദ പഠനത്തിലും ആവശ്യമാണ്. വിദേശ സർവകലാശാലകളിൽ നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഗ്രാജ്വേറ്റ് ( ബിരുദാനന്തര) പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിക്കാൻ എളുപ്പമാണ്. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാൻ നാലുവർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കണം.

മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകളോ രണ്ടു വർഷ ബിരുദാനന്തര പ്രോഗ്രാമുകളോ ഒഴിവാക്കുന്നില്ല. നാലു വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഒരുവർഷം കൊണ്ട് ബിരുദാനന്തര ബിരുദം പൂർത്തിയാക്കാം. വിദ്യാർത്ഥികൾക്ക് താത്പര്യത്തിനനുസരിച് കോഴ്സ് തിരഞ്ഞെടുക്കാം. നാലു വർഷ ബിരുദത്തിനു ശേഷം നെറ്റ് പൂർത്തിയാക്കി ഡോക്ടറൽ പ്രോഗ്രാമിന് ചേരുന്നത് ഏറെ ഗുണകരമാകും.

രാജ്യത്തു നിന്നും വിദേശവിദ്യാഭ്യാസത്തിനായി പോകുന്നവരുടെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷത്തിലധികമാണ്. 25 ലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദേശ കാമ്പസുകളിലുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങൾക്കപ്പുറം നിരവധി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലും,ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർത്ഥികളെത്തുന്നു. മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2020 -21 നെ അപേക്ഷിച്ച് 22 -23ൽ വിദേശകാമ്പസുകളിൽ 200 ശതമാനത്തിന്റെ വർദ്ധന ദൃശ്യമാണ്. വിദേശ ക്യാമ്പസുകളിലെ 25 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളിൽ 2.25 ലക്ഷം മലയാളികളാണ്.

ദേശീയ വിദ്യാഭ്യാസ നയം 2020, വർഷത്തിൽ രണ്ടു തവണ ബിരുദ പ്രവേശനം, വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ്, ഡ്യൂവൽ, സംയുക്ത ബിരുദ പ്രോഗ്രാമുകൾ, വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ, നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ തുടങ്ങിയ ഇനിഷ്യേറ്റീവുകൾ ആരംഭിച്ച് വിദ്യാർത്ഥികളെ ഇന്ത്യയിൽ പഠിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കേരളത്തിൽ നിന്നും പ്രതിവർഷം 45000 ത്തോളം വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലെത്തുന്നത്. വിദ്യാർത്ഥികൾ ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്കാണ് വിദേശ രാജ്യങ്ങളിലെത്തുന്നത്. പ്ലസ് ടു വിനു ശേഷം അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ, നഴ്‌സിംഗ്, മാനേജ്മെന്റ്, എൻജിനിയറിംഗ്, പാരാമെഡിക്കൽ പ്രോഗ്രാമുകൾക്ക് പോകുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.

ഉയർന്ന ഗുണനിലവാരം, സാങ്കേതിക വിദ്യ, പാർട്ട് ടൈം ജോലി, ഭൗതിക സൗകര്യങ്ങൾ, പഠന ശേഷം തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യതകൾ, വിദേശരാജ്യത്തോടുള്ള താത്പര്യം, ഗവേഷണ മികവ് എന്നിവ ലക്ഷ്യമിട്ടാണ് വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലെത്തുന്നത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള നൂതന കോഴ്സുകളും അവിടെയുണ്ട്.

ഇത് മനസ്സിലാക്കി നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് തീർത്തും സ്വാഗതാർഹമാണ്. വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യത മികവ് ഉയർത്താനുള്ള നടപടികൾക്ക് പ്രാധാന്യം നൽകാനാണ് സ്കിൽ വികസനത്തിൽ ഊന്നൽ നൽകുന്നത്. പൊതുവിജ്ഞാനം, ആശയവിനിമയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും മെച്ചപ്പെടുത്തണം.ബിരുദധാരികൾക്ക് ഏതു വിഷയത്തിലും ബിരുദാനന്തര പഠനത്തിനുള്ള അവസരങ്ങളും വിദേശ സർവകലാശാലകളെ അനുകരിച്ച് യു.ജി.സി രാജ്യത്തെ ക്യാമ്പസുകളിൽ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതിനാൽ ഏറെ പ്രതീക്ഷകളോടെ നടപ്പിലാക്കുന്ന ബിരുദ പരിഷ്‌കാരങ്ങൾ വിവാദമാക്കാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.