ദൈനംദിന ജീവിതത്തില്‍ കുറച്ചൊക്കെ സ്‌ട്രെസ്സ് അനിവാര്യമായി കാണപ്പെടുന്നുണ്ടെങ്കിലും (യൂസ്‌ട്രെസ്സ്) അമിതമായാല്‍ അത് നമ്മുടെ പ്രവര്‍ത്തനത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഡിസ്ട്രസ്സ് ആയി മാറാം. സ്‌ട്രെസ്സിനോടുള്ള ശാരീരിക പ്രതികരണമാണ് ഉത്കണ്ഠ. ഉത്കണ്ഠ രോഗം ഇന്ന് വളരെയധികം സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.
എന്തിനോടും ഒരു വെപ്രാളം, ടെന്‍ഷന്‍ എന്നൊക്കെയുള്ള ഒരു രീതി. ഉത്കണ്ഠ രോഗങ്ങള്‍ ഒരു മാനസികമായിട്ടുള്ള ബുദ്ധിമുട്ടാണെങ്കിലും 10 ശതമാനത്തില്‍ അധികവും ഒരു ഫിസിഷ്യന്റെ അടുക്കലാകും ആദ്യം എത്തുന്നുണ്ടാവുക. അതിന് പ്രധാന കാരണം ഉത്കണ്ഠ രോഗങ്ങളില്‍ കാട്ടുന്ന ശാരീരിക ലക്ഷണങ്ങളാണ്.
പാനിക് അറ്റാക്കുകൾ
പെട്ടെന്ന് ഉണ്ടാകുന്ന അമിതമായുള്ള വെപ്രാളം, നെഞ്ചിടിപ്പ്, നെഞ്ചുവേദന, വിയര്‍പ്പ്, വായുണക്ക്, തലചുറ്റല്‍, ക്ഷീണം, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ആയിരിക്കും പ്രധാനമായും പാനിക്ക് അറ്റാക്കുകളില്‍ കണ്ടുവരുന്നത്. മാനസികമായി ഈ അവസരത്തില്‍ മരിച്ചുപോകുമെന്ന ഭയം, മനസ്സ് സ്വന്തം നിയന്ത്രണത്തില്‍ അല്ല എന്ന പോലെയുള്ള ബുദ്ധിമുട്ടുകള്‍ കണ്ടേക്കാം. ഇത്തരം അതിതീവ്രമായ പാനിക്ക് അറ്റാക്കുകള്‍ ഏകദേശം 10-20 മിനിറ്റോളം നീണ്ടു നിന്നേക്കാം.
ഉത്കണ്ഠ പ്രശ്‌നങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉറക്കമില്ലായ്മയാണ് ഉത്കണ്ഠ രോഗത്തിന്റെ ഒരു സുപ്രധാന ലക്ഷണം. കിടന്നാലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടക്കുക, ഇടയ്ക്കിടയ്ക്ക് ഉറക്കം വിട്ടെഴുന്നേല്‍ക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ (Initial insomnia) എന്ന ഇത്തരത്തിലുള്ള ഉറക്കമില്ലായ്മയാണ് ഉത്കണ്ഠ രോഗമുള്ള വ്യക്തികളില്‍ പൊതുവായി കണ്ടുവരാറുള്ളത്.
അനുബന്ധ പ്രശ്‌നങ്ങള്‍
ഉത്കണ്ഠ രോഗങ്ങൾ ഉള്ള വ്യക്തികളില്‍ ചിലര്‍ക്ക് ഫോബിയ - അകാരണമായ എന്നാല്‍ അമിതമായ ഒരു ഭയം, അത് ചില സാഹചര്യങ്ങളോടോ, വസ്തുക്കളോടോ ഒക്കെ ആയിരിക്കാം. തുടര്‍ന്ന് ഇത്തരം കാര്യങ്ങളൊക്കെ ഒഴിവാക്കുവാനുള്ള പ്രവണത എന്നിങ്ങനെ കാണപ്പെടാം. അതേ തുടര്‍ന്ന് പാനിക്ക് അറ്റാക്കുകളും കണ്ടു വരാറുണ്ട്.
മൂഡില്ലായ്മ, താല്‍പര്യമില്ലായ്മ, എപ്പോഴും ക്ഷീണം, ഉറക്കമില്ലായ്മ, കരച്ചില്‍ എന്നിവയും അനുബന്ധമായി കണ്ടേക്കാം.
ടെന്‍ഷന്‍ കുറയ്ക്കാനും, ഉറക്കം കൂട്ടാനും എന്ന് പറഞ്ഞു തുടങ്ങുന്ന പല ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയിലേക്ക് കടക്കുന്നു.
ചികിത്സ എന്തിന്?
ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെ വളരെയധികം പ്രതികൂലമായി ബാധിക്കാം. അതുപോലെ ഉത്കണ്ഠ പ്രശ്‌നങ്ങള്‍ അനീമിയ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പോലെയുള്ള പല ശാരീരികമായിട്ടുള്ള പ്രശ്‌നങ്ങളോടുകൂടിയും കണ്ടുവരാറുണ്ട്. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ യഥാസമയം ചികിത്സ തേടുമ്പോള്‍ പല ഉത്കണ്ഠാ പ്രശ്‌നങ്ങളും കുറഞ്ഞു വരാം.
ഹൃദ്രോഗം, അനീമിയ, സ്‌ട്രോക്ക്, സീഷർ, എന്നിങ്ങനെയുള്ള പല ശാരീരികമായുള്ള ബുദ്ധിമുട്ടുകളുടെ ലക്ഷണങ്ങളും ഉത്കണ്ഠ രോഗത്തില്‍ കണ്ടേക്കാം. അപ്പോള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. വ്യക്തി ജീവിതത്തെ തന്നെ ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ ഉത്കണ്ഠാ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, എന്നിവയ്ക്ക് യഥാസമയം ചികിത്സ തേടേണ്ടതാണ്.
7 - 8 മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക, രാത്രികാലങ്ങളില്‍ അമിതമായ ഫോണ്‍, ടാബ്, ലാപ്‌ടോപ്പ്, ടിവി ഉപയോഗം ഒഴിവാക്കുക, ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക, വ്യായാമം ശീലമാക്കുക,പകലുറക്കം ഒഴിവാക്കുക,അമിതമായ ചായ / കാപ്പി ഉപയോഗം ഒഴിവാക്കുക, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കേണ്ടതാണ്, പഠനത്തിനും ജോലിക്കുമിടയിലും മാനസിക ഉല്ലാസത്തിന് സമയം കണ്ടെത്തണം.
Dr. Sreelekshmi S
Junior Consultant
Psychiatry
SUT Hospital, Pattom