ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇതില്‍ പ്രായപൂര്‍ത്തിയായ ആളുകളുടെ കാര്യത്തില്‍ ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും ശാരീരികക്ഷമത കുറവുള്ളവരാണെന്ന് പഠനം. ശാരീരികമായി ഫിറ്റല്ല രാജ്യത്തെ ഭൂരിഭാഗം പ്രായപൂര്‍ത്തിയായവരും എന്ന് പറയുന്നത് ലാന്‍സെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് ആണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഫിറ്റല്ലാത്തവരുടെ മൊത്തം കണക്കില്‍ പുരുഷന്‍മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണ്.
സ്ത്രീകളില്‍ 57 ശതമാനം പേരും കായികക്ഷമത കുറഞ്ഞവരാണെങ്കില്‍ പുരുഷന്‍മാരില്‍ ഇത് 42 ശതമാനമാണ്. ശാരീരീകമായി അദ്ധ്വാനമില്ലായ്മ, മടി, അദ്ധ്വാനിക്കാന്‍ കഴിയാത്ത സാഹചര്യം തുടങ്ങിയവയാണ് ഇന്ത്യക്കാരെ ഈ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല മറിച്ച് ദക്ഷിണേഷ്യയില്‍ പൊതുവേ കാണപ്പെടുന്ന ഒരു രീതിയാണ് ഇതെന്നും ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാക്കളില്‍ മടി കൂടുകയും അദ്ധ്വാനവും വ്യായാമവും കുറയുകയും ചെയ്യുന്നത് പൊണ്ണത്തടിയും ഇതേത്തുടര്‍ന്നുള്ള പലവിധ രോഗങ്ങളും അടക്കം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പൊതുവായ നിരീക്ഷണത്തിനിടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 60 കഴിഞ്ഞവര്‍ റിട്ടയര്‍മെന്റിന് ശേഷം വെറുതെയിരിക്കുകയും ഒരു തരത്തിലുള്ള വ്യായാമവും ചെയ്യാതെ രോഗം വരുത്തിവയ്ക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് പ്രമേഹവും ഹൃദയ രോഗങ്ങളും കൂടിവരുന്നതിന് ഒരു പ്രധാന കാരണവും ഇതുതന്നെയാണ്.
ശാരീരികമായി ഫിറ്റായിരിക്കേണ്ട അവശ്യകതയെക്കുറിച്ച് ജനസംഖ്യയില്‍ നല്ലൊരു വിഭാഗവും ബോധവാന്‍മാരല്ല എന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നം. പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ 31.3 ശതമാനത്തിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും ചെറിയ വ്യായാമം നല്‍കുന്ന പ്രവൃത്തികളില്‍ പോലും ഇവര്‍ ഏര്‍പ്പെടുന്നില്ല. ഈ പോക്ക് തുടര്‍ന്നാല്‍ 2030 ആകുമ്പോള്‍ ശാരീരികാദ്ധ്വാനത്തില്‍ അപര്യാപ്തത നേരിടുന്നവരുടെ ശതമാനം 60ല്‍ എത്തുമെന്നും പഠനം വിലയിരുത്തുന്നു.