youth-league-

തിരൂരങ്ങാടി: വ്യാജ ആര്‍.സി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി മുഖ്യന്ത്രിക്കും ഗതാഗത മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. വ്യാജ ആര്‍.സി നിര്‍മ്മിച്ചവരെയും നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റ് യു.എ റസാഖാണ് പരാതി നല്‍കിയത്. പരാതി അടിയന്തിര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയും ഡി.ജി.പിയും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.


2024 ജൂണ്‍ 24-ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ ജൂലായ് 2-നാണ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ രണ്ടിന് മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് ഉപരോധിച്ചിരുന്നു. ഈ സമരത്തിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.
വ്യാജ ആര്‍.സിയുണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അത് ഉണ്ടാക്കാന്‍ സഹായിച്ചവരെ കൂടി കേസില്‍ ഉള്‍പ്പെടുത്തുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനും നടപടിയുണ്ടാകണം. വ്യാജ ആര്‍.സി നിര്‍മ്മിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായും ഇതിന് മുമ്പും മറ്റു ചില വ്യാജ രേഖ കേസുകളില്‍ ഇവര്‍ അറസ്റ്റിലായിട്ടുണ്ടെന്നും യൂത്ത്‌ലീഗ് നല്‍കിയ പരാതിയിലുണ്ട്.