മോസ്കോ: റഷ്യയിലെ നോർത്ത് കോകസസ് മേഖലയിലെ ഡാഗെസ്താനിൽ നിഖാബിന് താത്കാലിക നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ മാസം മേഖലയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് തീരുമാനം. കണ്ണൊഴികെ മുഖം പൂർണമായും മൂടുന്ന തരത്തിലെ വസ്ത്രമാണ് നിഖാബ്.
ജൂൺ 23ന് ക്രിസ്ത്യൻ പള്ളികൾക്കും സിനഗോഗുകൾക്കും (ജൂത ദേവാലയം) പൊലീസ് പോസ്റ്റുകൾക്കും നേരെയുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ വ്യക്തമായിട്ടില്ല.
മുഖം മൂടി ധരിച്ച തീവ്രവാദികൾ വെടിവയ്പ് നടത്തുകയായിരുന്നു. മുമ്പും ഭീകരാക്രമണങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. മാർച്ചിൽ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ സംഗീത പരിപാടിക്കിടെയുണ്ടായ ഐസിസ് ഭീകരാക്രമണത്തിൽ 145 പേരും കൊല്ലപ്പെട്ടിരുന്നു.