മുഖസൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്‌നെസും വളരെ അധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഡ്രസിംഗ്, ഹെയര്‍ സ്റ്റൈല്‍ അങ്ങനെ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ തന്നെ നല്‍കാറുണ്ട് നമ്മള്‍. എന്നാല്‍ അതുപോലെ തന്നെ പ്രധാനമായും ശ്രദ്ധ നല്‍കേണ്ട ശരീരഭാഗമാണ് പല്ലുകള്‍. പലപ്പോഴും വെറുമൊരു പല്ലുതേപ്പില്‍ ഒതുങ്ങും നമ്മുടെ ദന്തസംരക്ഷണം. മനോഹരമായ ചിരി മുഖത്തിന് കൂടുതല്‍ ഭംഗി നല്‍കും എന്നാല്‍ മനോഹരമായി ചിരിക്കാന്‍ ആരോഗ്യമുള്ള പല്ലുകളും അത്യവശ്യമാണ്.
കൃത്യമായി വായ വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. ഇതിലൂടെ പല്ല് ദ്രവിക്കല്‍, പല്ലുകളിലെ പുളിപ്പ്, വായിലും മോണയിലും വരുന്ന രോഗങ്ങള്‍ തുടങ്ങിയവ അകറ്റാന്‍ കഴിയും. പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ നിരവധി കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പല്ലിന്റെ സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. അമിതമായി പഞ്ചസാര കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് പല്ല് ക്ഷയിക്കുന്നതിന് കാരണമാകും. അതുപോലെ തന്നെ ഐസ് വായിലിട്ട് കടിച്ച് പൊട്ടിക്കുന്നത് പലര്‍ക്കുമുള്ള ഒരു ശീലമാണ്. ഇത് പല്ലിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം.
ടൂത്ത്ബ്രഷിന്റെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. മൂന്ന് മാസം കഴിയുമ്പോള്‍ ടൂത്ത് ബ്രഷുകള്‍ മാറ്റുക. പല്ല് കൊണ്ട് എന്തെങ്കിലും കടിച്ച് തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ കാരണമാകും. ദിവസവും രണ്ട് നേരം പ്ലല് തേയ്ക്കുന്നത് ശീലമാക്കുക. ഇത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.