ടെൽ അവീവ്: വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി 200ലേറെ റോക്കറ്റുകളും 20ലേറെ ഡ്രോണുകളും വിക്ഷേപിച്ച് ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ്. ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. തങ്ങളുടെ മുതിർന്ന കമാൻഡർ മുഹമ്മദ് നാമേഹ് നസറിനെ ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം. റോക്കറ്റുകളിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച നാൾ മുതൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതിൽ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇന്നലെയുണ്ടായത്.
ഹിസ്ബുള്ള - ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ 450ലേറെ പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 11 സാധാരണക്കാരടക്കം 27 പേരും കൊല്ലപ്പെട്ടു.