കൊച്ചി: രാജ്യത്തെ മികച്ച പ്രതിരോധ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 70,000 കോടി രൂപയ്ക്ക് മുകളിലെത്തി. ഇതോടെ 72,000 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സിന് തൊട്ടു പിന്നില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലുപ്പമുള്ള കമ്പനിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് മാറി. ഇന്നലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില നാഷണല്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ 243.60 രൂപ വര്‍ദ്ധിച്ച് 2,679.95 രൂപയിലെത്തിയതോടെ വിപണി മൂല്യം 70,504 കോടി രൂപയായി.
ഒരു വര്‍ഷത്തിനിടെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ വില 278 രൂപയില്‍ നിന്നാണ് 2,679 രൂപയിലെത്തുന്നത്. ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് ഒന്നിനൊന്ന് ബോണസും ലഭിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം നേട്ടം നല്‍കിയ ഇന്ത്യയിലെ കമ്പനികളിലൊന്നായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് മാറി.
എറണാകുളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡും നിക്ഷേപകര്‍ക്ക് വന്‍ നേട്ടമാണ് ഇക്കാലയളവില്‍ നല്‍കിയത്.
റെക്കാഡ് മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി റെക്കാഡ് ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 62.87 പോയിന്റ് നേട്ടവുമായി 80049.67ല്‍ അവസാനിച്ചു. ഒരവസരത്തില്‍ സെന്‍സെക്‌സ് 80,400 വരെ ഉയര്‍ന്നതിന് ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിലെ വില്‍പ്പന സമ്മര്‍ദ്ദം മൂലം താഴേക്ക് നീങ്ങുകയായിരുന്നു. ദേശീയ സൂചിക 15.65 പോയിന്റ് നേട്ടവുമായി 24,302.15ല്‍ റെക്കാഡിട്ടു. ആഗോള മേഖലയിലെ അനുകൂല വാര്‍ത്തകളാണ് ഇന്നലെ വിപണിക്ക് കരുത്ത് പകര്‍ന്നത്.
അനുകൂലം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആവേശം
സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ വേഗത
അമേരിക്കയില്‍ പലിശ കുറയാനുള്ള സാദ്ധ്യത
ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ
ഷിപ്പ്യാര്‍ഡ് ഓഹരി വില
278 രൂപയില്‍ നിന്ന് 2,700 രൂപയിലേക്ക്