crime

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരത്തില്‍ നടന്നത് ലക്ഷങ്ങളുടെ മോഷണമാണ്. വിവിധ സംഭവങ്ങളിലായി എട്ട് കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒന്നില്‍പ്പോലും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തില്‍ ആളില്ലാതെ അടഞ്ഞ് കിടക്കുന്ന വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഓടുന്ന ബസ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സ്ഥിരം മോഷ്ടാക്കളെ വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും ഒരു കേസില്‍ പോലും പൊലീസിന് പ്രതികളിലേക്ക് എത്താന്‍ കഴിയാത്തത് നാണക്കേടായി മാറിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലമാണ് തലസ്ഥാന നഗരംകൂടിയായ തിരുവനന്തപുരം. നാല് ചുറ്റും പൊലീസ് റോന്ത് ചുറ്റിയിട്ടും മോഷ്ടാക്കള്‍ യഥേഷ്ടം വിലസുന്നത് ജനങ്ങളിലും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച് കിഴക്കേക്കോട്ടയില്‍ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗില്‍ നിന്നും 13 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോ,ണം പോയിരുന്നു. പൂന്തുറ ഉച്ചമാടന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന വിഗ്രഹം കടത്തിയതിലും അമ്പലത്തറയിലെ വ്യാപാര സ്ഥാപനം കുത്തിപൊളിച്ച് 3.65 ലക്ഷം രൂപ മോഷ്ടിച്ച കേസിലും പ്രതികളെ പിടികൂടിയില്ല.

നിയമസഭയ്ക്ക് മീറ്ററുകള്‍ മാത്രം അകലെ പിഎംജി ലൂര്‍ദ് പള്ളിക്ക് സമീപത്തെ ആളില്ലാത്ത വീട്ടില്‍ മോഷണം നടന്ന കേസില്‍ സിസിടിവി ദൃശ്യം ലഭിച്ചിട്ടും പൊലീസിന് പ്രതികളിലേക്ക് എത്താനായില്ല. ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്പലത്തറയില്‍ പഴംപച്ചക്കറി മൊത്ത വിതരണ സ്ഥാപനത്തിന്റെ ഓഫിസ് മുറി കുത്തി തുറന്നു 3.65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ സിസിടിവി ദൃശ്യത്തില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനായില്ല.

കടയുടെ പുറകുവശത്തെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. കടയുടെ ഓഫിസിന്റെ വാതില്‍ കുത്തിപൊളിച്ച ശേഷം തടിമേശയില്‍ സൂക്ഷിച്ചിരുന്ന 3.50 ലക്ഷം രൂപയും ക്യാഷ് കൗണ്ടറിലെ മറ്റൊരു മേശയില്‍ നിന്നു 15,000 രൂപയും മോഷ്ടിക്കുകയായിരുന്നു. പിഎംജി നെടുമ്പുറത്ത് ഹൗസില്‍ ജൂഡിന്‍ ബെര്‍ണാഡിന്റെ വീട്ടില്‍ ശനിയാഴ്ച വെളുപ്പിനാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജൂഡിന്‍ വര്‍ഷങ്ങളായി ദുബായിലാണ്.

അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ചില കേസുകളില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. വിവിധ മോഷണ സംഭവങ്ങള്‍ക്ക് പിന്നില്‍ ഒന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്.