ടെൽ അവീവ്: ഗാസയിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിൽ ചിക്കൻ പോക്സ് അടക്കമുള്ള ത്വക്ക് രോഗങ്ങൾ പടരുന്നു. ഗാസയിൽ കുട്ടികളടക്കം 1,50,000 ലേറെ പേർക്ക് ത്വക്ക് രോഗങ്ങൾ പിടിപെട്ടതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നു. മതിയായ മരുന്നോ ശുദ്ധജലമോ ഭക്ഷണമോ ലഭിക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നു. ഇസ്രയേൽ ആക്രമണം ഭയന്ന് കടൽത്തീരങ്ങളിൽ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ആയിരക്കണക്കിന് പേരാണ് അഭയംതേടിയിട്ടുള്ളത്. പലരും മണലിൽ കിടന്നാണ് ഉറക്കം. ഇതുവരെ 37,900 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.