money

വടകര: ബീഡിക്കും സിഗരറ്റുകൾക്കും വ്യാജൻ വ്യാപകമാവുന്നു. പുകവലിയുടെ ദൂഷ്യ ഫലങ്ങൾക്ക് ആക്കം കൂട്ടുന്നതിനൊപ്പം വിപണിയിൽ ലഭ്യമാകുന്ന മിക്ക സിഗരറ്റുകൾക്കും ബീഡിക്കും വ്യാജനുണ്ട്. കമ്പനി സിഗരറ്റുകൾ എട്ടര, ഒൻപത് ശതമാനം നല്കുന്നുവെങ്കിൽ വ്യാജ സിഗരറ്റിന് 40 ശതമാനം വരെ ലാഭം ലഭിക്കുമെന്നതാണ് ഇത്തരം വ്യാജവസ്തുക്കൾ വില്പനക്ക് കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്.

170 രൂപക്കുള്ള സിഗരറ്റ് 135 രൂപ പ്രകാരം കടകളിൽ എത്തിച്ചു നല്കും. ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന മുറക്ക് ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. മുൻപ് നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന വ്യാജൻ നാട്ടിൻ പുറങ്ങളിലെ പെട്ടിക്കടകളിലും സുലഭമാണ്.

മായം ചേർത്ത 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു

തിരൂർ: മായം ചേർത്ത 140 കിലോ ചായപ്പൊടി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തു. കാൻസറിന് വരെ കാരണമായേക്കാവുന്ന സിന്തറ്റിക് ഫുഡ് കളറായ ഓറഞ്ച്, റെഡ് എന്നിവയാണ് ചായപ്പൊടിയിൽ ചേർത്തിട്ടുള്ളതെന്നാണ് നിഗമനം. വളാഞ്ചേരി വെങ്ങാട്ടെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് ചായപ്പൊടി പിടിച്ചെടുത്തത്. താനൂർ, തിരൂർ, വൈലത്തൂർ, വളാഞ്ചേരി മേഖലകളിലാണ് വ്യാപകമായി വിൽപ്പനയ്‌ക്കെത്തിച്ചിരുന്നത്.


തിരൂർ, താനൂർ പരിധിയിലെ തട്ടുകടകളിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി നിർമ്മാതാവിന്റെ പേരോ ലേബലോ ഇല്ലാതെ വിറ്റഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടുപ്പം കൂടിയ സ്പെഷ്യൽ ചായയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന വിതരണക്കാരനായ വേങ്ങര കൂരിയാട് സ്വദേശിയുമായി ബന്ധപ്പെട്ടു. ഒരാഴ്ചയായി ഇയാൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വൈലത്തൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 40 കിലോ ചായപ്പൊടി പിടിച്ചെടുത്തു. ചോദ്യം ചെയ്തപ്പോൾ വളാഞ്ചേരി വെങ്ങാട് സ്വദേശിയാണ് ചായപ്പൊടി ഇയാൾക്കെത്തിക്കുന്നതെന്ന് മനസിലായി. വെങ്ങാട്ടെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 100 കിലോ മായം കലർന്ന ചായപ്പൊടി പിടിച്ചെടുത്തു. നിർമ്മാണശാലയ്ക്ക് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ചായപ്പൊടിയുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ഫലം വന്ന ശേഷം ഇരുവർക്കുമെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഡി. സുജിത്ത് പെരേര അറിയിച്ചു. മലപ്പുറം ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ പി.അബ്ദുൾ റഷീദ്, തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ.ഷംസിയ, കോട്ടക്കൽ ഭക്ഷ്യസുരക്ഷാ ഓഫീസർ യു.എം.ദീപ്തി, മങ്കട ഭക്ഷ്യസുരക്ഷാ ഓഫീസർ എ.പി. അശ്വതി, സീനിയർ ക്ലാർക്ക് പി.എൻ.പ്രവീൺ, ഓഫീസ് അറ്റൻഡന്റ് എസ്.സുരേഷ് ബാബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.