communist

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നിട്ട് (1964) ഈ മാസം അറുപതാണ്ട് തികയുന്നു. പിളർപ്പിന് അന്തർദേശീയവും സൈദ്ധാന്തികവുമായ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും വിപ്ലവത്തിന്റെ സ്വഭാവത്തെയും അതിൽ കൂടെക്കൂട്ടാവുന്നവർ ആരൊക്കെ എന്നതുമായിരുന്നു ഒരു പ്രധാന തർക്ക വിഷയം. സി.പി.ഐ, തൊഴിലാളി വർഗവും കർഷകരും ദേശീയ ബൂർഷ്വാസിയുംചേർന്നുള്ള ദേശീയ ജനാധിപത്യത്തെക്കുറിച്ചും,​ എതിർപക്ഷം (സി.പി.എം ആയി മാറിയവർ) തൊഴിലാളികളും കർഷകരും ബൂർഷ്വാസിയും ചേർന്നുള്ള ജനകീയ ജനാധിപത്യത്തെക്കുറിച്ചും വാദിച്ചു. കോൺഗ്രസുമായി സഖ്യമാകാമെന്ന് ഔദ്യോഗികപക്ഷവും പാടില്ലെന്ന് എതിർപക്ഷവും.

ഇരുകൂട്ടരും കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെട്ടെങ്കിലും രണ്ടായി തുടരുന്നുവെന്നതാണ് തർക്കത്തിന്റെ പരിസമാപ്തി. ഇതിനേക്കാൾ ഗൗരവമുള്ളത് അവർ നേരിടുന്ന വർത്തമാനകാല പ്രതിസന്ധിയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇരുകൂട്ടരുടെയും സാന്നിദ്ധ്യം ക്ഷയിച്ചിരിക്കുന്നു. ലോക്‌സഭാംഗത്വം 1951 - 2014 കാലയളവിൽ ഉടനീളം രണ്ടക്കമായിരുന്നത് ഇപ്പോൾ ഒ​റ്റസംഖ്യയിൽ എത്തിയിരിക്കുന്നു- 6 അംഗങ്ങൾ! മൂന്നു സംസ്ഥാനങ്ങളിൽ അധികാരമുണ്ടായിരുന്നത്‌ കേരളത്തിൽ മാത്രമായി ചുരുങ്ങി. കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയില്ലാതെ മ​റ്റു സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമറിയിക്കാൻ ആകുന്നുമില്ല.

ഭാവനയും

പാർട്ടികളും

കമ്മ്യൂണിസ്റ്റ് ഭാവനയും പാർട്ടികളും മനുഷ്യരെ എക്കാലവും ആകർഷിച്ചിരുന്നു എന്നത് വാസ്തവമാണ്. സമൂഹത്തിന്റെ പുരോഗതിക്ക് അവ നൽകിയ സംഭാവനകളും ചെറുതല്ല. തൊഴിലാളികളുടെ അവകാശങ്ങളിൽ തുടങ്ങി സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽവരെ ഇതു കാണാം. കേരളത്തിലേക്കു വന്നാൽ, സംസ്ഥാനത്തിന്റെ പുരോഗതിക്കും സാമൂഹ്യക്ഷേമത്തിനും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലും പല നിർണായക നീക്കങ്ങളും അവർ നടത്തി. ഇതിലൂടെ സംസ്ഥാനത്തിന്റെ വികസന അജണ്ട തീരുമാനിക്കുന്നതിനും അത് മുന്നോട്ട് കൊണ്ടുപോകാൻ വലതുപക്ഷത്തെ പ്രേരിപ്പിക്കുന്നതിനും ഇടതുപക്ഷത്തിനായി.

അതേസമയം, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏ​റ്റവും വലിയ വൈരുദ്ധ്യത്തിനും ഇത് സാക്ഷ്യം വഹിക്കുന്നു. ഇടതുപക്ഷ ഭാവനയെ സ്വാഗതം ചെയ്യുമ്പോഴും ഇടതുപക്ഷത്തെ അധികാരമേൽപ്പിക്കാൻ ഇന്ത്യക്കാർ പൊതുവെ വൈമുഖ്യം കാണിക്കുന്നു. ഇടതു ഭാവനയും ഇടതു രാഷ്ട്രീയവും തമ്മിലുള്ള ഈ അന്തരം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.
സായുധ കലാപത്തിനു നൽകിയ ഊന്നലും (ആദ്യനാളിൽ) ജാതിയും മതവും ഉൾപ്പെടെയുള്ള സ്വത്വപ്രശ്നങ്ങളിൽ എടുത്ത നിലപാടും കമ്മ്യൂണിസത്തെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് പറിച്ചുനടാനും മാ​റ്റങ്ങൾക്ക് അനുസൃതമായി അവയെ വ്യാഖ്യാനിക്കാനും കഴിയാതിരുന്നതും ഇതിൽ ചില കാരണങ്ങൾ മാത്രം. പോരെങ്കിൽ, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോടു കാണിച്ച കൂറ് രാജ്യദ്റോഹമായി ചിത്രീകരിക്കപ്പെടുകയുമുണ്ടായി. എന്നിരുന്നാലും, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ ഈ നൂ​റ്റാണ്ടിന്റെ ആദ്യപാദംവരെ അവർക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇന്നിപ്പോൾ അക്കാര്യത്തിലും വെല്ലുവിളി നേരിടുന്നു.

വർത്തമാന

പ്രതിസന്ധി


മുകളിൽ സൂചിപ്പിച്ചതുപോലെ, കമ്മ്യൂണിസം മനുഷ്യവിമോചനത്തിന്റെ വലിയ സാദ്ധ്യതകൾ തുറന്നുവയ്ക്കുമ്പോഴും അധികാരത്തിലെത്തിയ രാജ്യങ്ങളിൽ അത് സമഗ്രാധിപത്യമായി മാറുന്നതാണ് അനുഭവം. തൊഴിലാളിവർഗ സർവാധിപത്യം തൊഴിലാളികൾക്കു മേലുള്ള സർവാധിപത്യമായി. ഇതോടെ ഇത്തരം ഭരണകൂടങ്ങൾ പലതും തകർന്നടിഞ്ഞു. ശേഷിക്കുന്നവ മുതലാളിത്തത്തിന്റെ ശീലുകൾ കടമെടുത്ത് 'മാർക്ക​റ്റ് സോഷ്യലിസ"ത്തിലേക്ക് പരിവർത്തനപ്പെട്ടു.


ഇന്ത്യയിലും, നിരന്തരം അധികാരം കയ്യാളിയിടത്തൊക്കെ കമ്മ്യൂണിസ്റ്റുകാർ (പ്രത്യേകിച്ച് സി.പി.എം)​ കാലക്രമേണ ജനങ്ങളെയും സമൂഹ്യനീതിയേയും മറന്നു, ഉൾപ്പാർട്ടി ജനാധിപത്യം നോക്കുകുത്തിയാക്കി പാർട്ടി അണികളെ കേൾവിക്കാരാക്കി, പൗരന്മാരെ പ്രജകളാക്കി, രാഷ്ട്രീയത്തിന്റെ അസംസ്‌കൃത പദാർത്ഥം മനുഷ്യ ജീവിതമാണെന്നത് വിസ്മരിച്ചു. ക്രിമിനലുകളും അവസരവാദികളും വാഴ്ത്തുപാട്ടുകാരും പാർട്ടിയിൽ നുഴഞ്ഞുകയറി നേതൃത്വത്തിനു ചു​റ്റും തമ്പടിച്ചു. ഏത് ജനാധിപത്യ പ്രസ്ഥാനമായാലും ചില സന്ദർഭങ്ങളിൽ ഒരു ക്ലിക്കിന്റെ കയ്യിൽ അകപ്പെടുമെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ റോബർട്ട് മൈക്കൽസ് പറഞ്ഞത് അന്വർത്ഥമായി (Iron law of oligarchy എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്). ഇതോടെ, സ്വയംവിമർശനത്തിനും ആന്തരിക നവീകരണത്തിനുമുള്ള ശേഷി നഷ്ടപ്പെട്ട അത് ജീർണിക്കാൻ തുടങ്ങി.

നയം മാറ്രുന്ന

യുവതലമുറ

ആഗോളവത്കരണവും വിവരസാങ്കേതിക വിദ്യയിലെ കണ്ടുപിടിത്തങ്ങളും ഭൗതിക സാഹചര്യങ്ങളിലും ജനങ്ങളുടെ ജീവിതവീക്ഷണങ്ങളിലും വന്ന മാ​റ്റങ്ങളും വീണ്ടും പാർട്ടിയെ കുഴക്കി. വിവരസാങ്കേതികവിദ്യ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. തത്ഫലമായി സ്‌പെയർ പാർട്ടുകളെ പോലെ തൊഴിലാളികളെയും പകരംവയ്ക്കാമെന്നായി. ഇതോടെ തൊഴിൽ നിഷേധിക്കുന്നതായി,​ ഏ​റ്റവും വലിയ ചൂഷണം. മറുവശത്ത് തൊഴിലാളി സംഘടനകൾ ദുർബലപ്പെടുകയും ചെയ്തു. യുവതലമുറയ്ക്ക് പഴയപോരാട്ടവീര്യമോ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമോ ഇല്ലെന്നതും ശ്രദ്ധേയമാണ്.

പാരീസിലെ തെരുവോരത്ത് ഒരു പുതുവത്സരപ്പുലരിയിൽ ചെറുപ്പക്കാരായ ഭിക്ഷക്കാർ ഒത്തുകൂടി ഹാപ്പി ന്യൂ ഇയർ പാടി സന്തോഷിച്ചതിനെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരി ആനി എർണോ പറഞ്ഞത് കമ്മ്യൂണിസ്റ്റുകാർക്ക് ഗുണപാഠമാകേണ്ടതാണ്. രോഷംകൊള്ളുന്നതിനേക്കാൾ,​ കൈവശമുള്ളതിൽ സന്തോഷം കണ്ടെത്തുന്നതിലേക്ക് യുവതലമുറ മാറിയിരിക്കുന്നു. ബൂർഷ്വാസി, സാമ്രാജ്യത്വം, ധനമൂലധനം... തുടങ്ങിയ വാക്കുകൾ ചെറുപ്പക്കാർക്ക് ഇന്നിപ്പോൾ കേട്ടുകേൾവി പോലുമില്ല. മാത്രമല്ല, ലണ്ടൻ സ്​റ്റോക് എക്സ്‌ചേഞ്ചിൽ പോയി മണിയടിച്ചിട്ട്‌ കേരളത്തിൽ വന്ന് ഇതൊക്കെ പറയുമ്പോൾ ആരാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്ന് അവർ അത്ഭുതം കൂറും!

പത്തിവിരിക്കുന്ന

ആ ചോദ്യം


നവ ലിബറൽ നയങ്ങളെ ചെത്തിവെടിപ്പാക്കി ഇടതുപക്ഷ ബദലായി അവതരിപ്പിക്കുമ്പോഴും പണ്ട് എതിർത്തതൊക്കെ ആവേശത്തോടെ നടപ്പാക്കുമ്പോഴും അതിലെ പൊള്ളത്തരം ജനങ്ങൾക്കു മനസിലാകും. കാലം മാറി, പഴയ നിലപാട് അപ്രസക്തമായി എന്ന ന്യായീകരണത്തിലും പ്രശ്നമുണ്ട്. അങ്ങനെയെങ്കിൽ, വലതുപക്ഷം കാലത്തിനു മുൻപും,​ ഇടതുപക്ഷം അതിനു പിൻപും നടന്നവരാണോ എന്ന ചോദ്യമുയരും. ആഗോളവത്കരണത്തെയും അനുബന്ധമായെത്തിയ നവ ഉദാരവത്കരണത്തെയും നേരിടുന്നതിൽ ഇടതുപക്ഷത്തിനുള്ള ആശയക്കുഴപ്പം വ്യക്തം. ഇത് അവരുടെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുന്നു.


ഇതുതന്നെയാണ് എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകളെയും ഭരണ നേതൃത്വത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളെയും പോഷക സംഘടനകളുടെ കൊള്ളരുതായ്മകളെയും ന്യായീകരിക്കാനും അധികാരത്തിനുവേണ്ടി ആരുമായും ചങ്ങാത്തം കൂടാനും തുനിയുമ്പോൾ ഉണ്ടാകുന്നതും. ഇടതുപക്ഷത്തെ മ​റ്റുള്ളവരിൽ നിന്ന് വ്യതിരിക്തമാക്കുന്നത് അധികാരത്തോടും അഴിമതിയോടും പൊതുനയങ്ങളൊടും അവർ പുലർത്തുന്ന വ്യത്യസ്ത സമീപനമാണ്. ഇവിടെയാണ് അവർ പരാജയപ്പെട്ടിരിക്കുന്നത്.

കൊല്ലം ശ്രീനാരായണ കോളേജിൽ പഠിക്കുമ്പോൾ കേട്ടൊരു മുദ്റാവാക്യം ഓർക്കുന്നു, ഗൃഹാതുരത്വത്തോടെ: 'കാലത്തിന്റെ കുളമ്പടിനാദം കേട്ടില്ലെന്നു നടിക്കുന്നവരേ.... ഞങ്ങൾ വിളിക്കും മുദ്റാവാക്യം- എസ്.എഫ്.ഐ സിന്ദാബാദ്!" കാലത്തിന്റെ കുളമ്പടി നാദംകേൾക്കുന്നുണ്ടോ എന്ന് ഇടതുപക്ഷം സ്വയം ചോദിക്കേണ്ട സന്ദർഭമാണിത്. പാർട്ടികളുടെ അപചയത്തിനു മുൻപ് 'ചീർത്ത തലയുള്ള അവസ്ഥ" സംജാതമാകുമെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബാധിക്കാതെ നോക്കണമെന്നും ലെനിൻ പറഞ്ഞത് ഓർക്കുന്നത് നന്നായിരിക്കും.

(കേരള സർവകലാശാലാ മുൻ പ്രോ വൈസ് ചാൻസലറും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ)