തിരുവനന്തപുരം: പുസ്തകങ്ങളുടെ കലവറയാണിവിടം. ഓരോ ചുവരിലും പുസ്തക മാതൃകയിൽ തീർത്ത അർത്ഥവത്തായ എഴുത്തുകൾ. ഏത് പ്രായക്കാർക്കും വരാം. ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ വായിക്കാം. എത്ര നേരം വേണോ ഇരിക്കാം. ആരെയും പേടിക്കേണ്ടതില്ല. അതാണ് അയ്യങ്കാളി ഹാളിനടുത്തുള്ള കഫേ ബുക്ക് മാർക്കിന്റെ പ്രത്യേകത.
പേരുപോലെ തന്നെ വ്യത്യസ്തമാണ് ഈ കലവറ. വായിക്കാൻ ശാന്തതയും സമാധാനവും തേടുന്നവർക്ക് ഉചിതമായ സ്ഥലം. വിവിധ പബ്ളിക്കേഷനുകളുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇഷ്ടമുള്ള ഏത് ബുക്കും തിരഞ്ഞെടുക്കാം. ഇല്ലാത്തവ മറ്റു പബ്ളിഷേഴ്സിൽ നിന്ന് എത്തിച്ച് നൽകാനും കഫേ ബുക്ക് മാർക്ക് സജ്ജമാണ്. ഇനി പുസ്തകങ്ങൾ സ്വന്തമായി വേണമെങ്കിൽ വിലക്കിഴിവിൽ വാങ്ങാനുമാകും. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടുന്നതോ ഫിക്ഷനോ നോൺഫിക്ഷനോ ആയ മലയാളം ഇംഗ്ളീഷ് ബുക്കുകൾ ലഭ്യമാണ്. വായിക്കാൻ മെമ്പർഷിപ്പ് എടുക്കേണ്ട ആവശ്യമില്ല. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം.
ഒപ്പം സാഹിത്യ ചർച്ചയും
വായനയ്ക്ക് പുറമെ സാഹിത്യ ചർച്ചകളും മീറ്റിംഗുകളും നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. 35ഓളം പേർക്ക് ഇരിക്കാനാകും. ഒപ്പം ചായയോ കോഫിയോ വെള്ളമോ വേണമെങ്കിൽ അതും ഒരുക്കിയിട്ടുണ്ട്. കേരള സാംസ്കാരിക സമിതിയുടെ കീഴിൽ വരുന്ന ഈ സ്ഥാപനം ജൂൺ 19നാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്. കഥാകൃത്തും മുൻ മാദ്ധ്യമപ്രവർത്തകനുമായ എബ്രഹാം മാത്യുവാണ് കഫേ ബുക്ക് മാർക്കിന്റെ സെക്രട്ടറി. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ഈ കഫേ. വായനയെ വളർത്താനും എല്ലാവരിലേക്കും വായന എത്തുന്നതിനുമായി എല്ലാവർക്കും വേണ്ടി ഒരിടമെന്ന ഉദ്ദേശ്യത്തോടെയാണ് എബ്രഹാം മാത്യു ഈ ആശയം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശത്തെ കേരളസർക്കാരും പിന്തുണച്ചു. കേരള സ്റ്റേറ്റ് പ്ളാനിംഗ് ബോർഡ് ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചതോടെ പദ്ധതിക്ക് ചിറകുവച്ചു. എബ്രഹാമിന്റെ ആശയങ്ങൾക്കൊപ്പം രണ്ട് ചെറുപ്പക്കാരായ ഡിസൈനേഴ്സും കൂടിയതോടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിവച്ചു. ഇതിനോടകം 3 പുസ്തകങ്ങൾ ബുക്ക് മാർക്ക് പബ്ളിഷ് ചെയ്തു. കഫേക്കരികിലായി ചായയും സ്നാക്സും ലഭ്യമാകുന്ന ചെറിയൊരു കഫേ വൈകാതെ ഒരുങ്ങും. കഫേ ബുക്ക് മാർക്ക് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് എബ്രഹാം മാത്യു.