crime

മേപ്പയ്യൂർ : മേപ്പയ്യൂരിൽ പൊലീസിനുനേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മേപ്പയ്യൂർ ടൗണിൽ പയ്യോളി റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഘർഷമുണ്ടായത്. കളരിപ്പറമ്പിൽ ഷബീർ (34), തെക്കെ വലിയ പറമ്പിൽഷിബു (40) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇരുചക്രവാഹന യാത്രക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ഇരുകൂട്ടർ തമ്മിലുണ്ടായ അടിപിടിയാണ് പ്രശ്നത്തിൻെറ തുടക്കം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ ഇവരെ പിടിച്ചു മാറ്റുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിൽ സബ് ഇൻസ്പെക്ടർ സി. ജയൻ, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ ബിജു ഒ.എം എന്നി പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും പരിക്കേറ്റു. പേരാമ്പ്ര ഗവ.ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലുമായി ചികിത്സ തേടി.

പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതികൾ കൂടാതെ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്തു. കളരിപ്പറമ്പിൽ ഷബീറിനെതിരെ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.