s

ലക്‌നൗ: ഹാഥ്‌റസ് ദുരന്തത്തിൽ ഇരയായവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാനസർക്കാർ കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ദുരത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

സംഭവത്തിൽ യു.പി സർക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായെന്നും കൃത്യമായ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സഹായത്തുക അപര്യാപ്തമാണെന്നും രാഹുൽ പറഞ്ഞു. രാവിലെ അലിഗഡിലെ പിലാഖ്ന ഗ്രാമത്തിലെത്തിയ രാഹുൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അവർക്കൊപ്പമിരുന്ന് പ്രശ്‌നങ്ങൾ ചോദിച്ച് അറിഞ്ഞു.

അതേസമയം ഭോലെ ബാബയുടെ പേര് എഫ്‌.ഐ.ആറിൽ ചേർത്തിട്ടില്ല. ആവശ്യമെങ്കിൽ ചോദ്യം ചെയ്യാമെന്നാണ് യു.പി പൊലീസിന്റെ നിലപാട്. പരിപാടിയുടെ സംഘാടകരായ ആറ് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇന്നലെ പുലർച്ചെ 5.10നാണ് രാഹുൽ ഹാഥ്‌റസിലേക്ക് പുറപ്പെട്ടത്. തുടർന്ന് ദുരന്തത്തിൽ മരിച്ചവരുടെ കുടംബങ്ങളുമായും പരിക്കേറ്റവരുമായും സംസാരിച്ചു. ഭരണ സംവിധാനത്തെക്കുറിച്ച് അവർ പരാതിപ്പെട്ടെന്ന് രാഹുൽ പറഞ്ഞു. അപകടസമയം പൊലീസ് ക്രമീകരണം ഉണ്ടായിരുന്നില്ല. അവരുടെ അവസ്ഥ മനസിലാക്കുകയാണെന്നും രാഹുൽ പറഞ്ഞു. നിരവധി പേർ രാഹുലിനെ കണ്ട് വേദന പങ്കുവച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഇന്നലെ ഏർപ്പെടുത്തിയത്. യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായ്, അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ്, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

ദേവ് പ്രകാശ് കീഴടങ്ങി

അതിനിടെ,​ ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുകർ കീഴടങ്ങി.

കേസിലെ ഒന്നാം പ്രതി കൂടിയാണ് ഇയാൾ. മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ കേന്ദ്ര സർക്കാരും സഹായധനം നൽകുമെന്ന് മന്ത്രി സന്ദീപ് സിംഗ് അറിയിച്ചു. ഇതോടെ കുടുംബങ്ങൾക്ക് നാല് ലക്ഷം സഹായധനം ലഭിക്കും.