pic

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനയാണ് ഇത്തവണ. 26 ഇന്ത്യൻ വംശജരാണ് വിജയിച്ചത്. ഇത്രയും കൂടുതൽ ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാർലമെന്റിലെത്തുന്നത് ആദ്യമാണ്. ലേബർ പാർട്ടിയിൽ നിന്നാണ് കൂടുതൽ എം.പിമാർ. നവാഗതരും ലേബർ പാർട്ടിയിൽ നിന്നുതന്നെ. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഋഷി സുനക്, മുൻ ഹോം സെക്രട്ടറിമാരായ സുവെല്ല ബ്രേവർമാൻ, പ്രീതി പട്ടേൽ,​ മുൻ ഊർജ സുരക്ഷാ സെക്രട്ടറി ക്ലെയർ കോട്ടിനോ എന്നിവർ ജയിച്ചു. സീമ മൽഹോത്ര, പ്രീത് കൗർ ഗിൽ, തൻമൻജീത് സിംഗ് തുടങ്ങിയവരാണ് ഇന്ത്യൻ വേരുകളുള്ള ലേബർ എം.പിമാർ. തിരഞ്ഞെടുക്കപ്പെട്ട എം.പിമാരിൽ പത്തോളം പേർ സിഖ് വംശജരാണ്.

ഋഷി സുനക്

കൺസർവേറ്റീവ് പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യൻ വംശജനായ ഋഷി സുനക് റിച്ച്മണ്ട് ആൻഡ് നോർത്തലെട്രോൺ മണ്ഡലത്തിൽനിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2015 മുതൽ അദ്ദേഹം എം.പിയാണ്.

സുവെല്ല ബ്രേവർമാൻ

ഋഷി സുനക് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. പൊലീസിന് പാലസ്തീൻ അനുകൂലികളോട് മൃദുസമീപനമാണ് എന്ന പ്രസ്താവന വിവാദമായതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഫരെഹാം ആൻഡ് വാട്ടർലൂവില്ലെ മണ്ഡലത്തിൽ നിന്ന് കൺസർവേറ്റീവ് പാർട്ടിയുടെ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രീത് കൗർ ഗിൽ

ബെർമിംഗ്ഹാം എഡ്ഗബ്സ്റ്റണിൽനിന്ന് ലേബർ പാർട്ടിയിൽ നിന്ന് പ്രീത് കൗർ ഗിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, പ്രതിപക്ഷത്തെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഷാഡോ മിനിസ്റ്റർ ആയിരുന്നു. 8368 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

പ്രീതി പട്ടേൽ

ഗുജറാത്ത് സ്വദേശിയായ പ്രീതി പട്ടേൽ എസെക്സ് കൗണ്ടിയിലെ വിതാം മണ്ഡലത്തിൽനിന്ന് വീണ്ടും ജയിച്ചു. മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്നു.

കൺസർവേറ്റീവ് പാർട്ടി അംഗമായ പ്രീതി 2010 മുതൽ എം.പിയാണ്.

ഗഗൻ മൊഹിന്ദ്ര

പഞ്ചാബ് സ്വദേശിയാണ് കൺസർവേറ്റീവ് പാർട്ടി അംഗമാ ഗഗൻ മൊഹിന്ദ്ര. സൗത്ത് വെസ്റ്റ് ഹെർട്സ് മണ്ഡലത്തിൽ നിന്ന് 16458 വോട്ടുകൾക്ക് വിജയം. മൊഹിന്ദ്രയുടെ മുത്തച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.

കനിഷ്‌ക നാരായൺ

കനിഷ്‌ക നാരായൺ ലേബർ പാർട്ടി അംഗമാണ്. വേൽ ഓഫ് ഗ്ലമോർഗൻ മണ്ഡലത്തിൽനിന്ന് 17740 വോട്ടുകൾ നേടി വിജയിച്ചു. വെയ്ൽസിലെ വംശീയ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ആദ്യ എം.പിയാണ്.

നവേന്ദു മിശ്ര

സ്റ്റോക്ക്‌പോർട്ട് മണ്ഡലത്തിൽനിന്ന് ലേബർ പാർട്ടിക്കായി മത്സരിച്ച് വിജയിച്ച നവേന്ദു മിശ്ര രണ്ടാം തവണയാണ് എം.പിയാകുന്നത്. ഉത്തർപ്രദേശ് സ്വദേശികളാണ് മാതാപിതാക്കൾ.

ലിസ നന്ദി

വിഗനിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി എം.പിയാണ്. കൊൽക്കത്ത സ്വദേശിയായ ദീപക് നന്ദിയാണ് പിതാവ്.


ശിവാനി രാജ

ലേബർ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന ലെയ്‌സെസ്റ്റർ ഈസ്റ്റ് മണ്ഡലം പിടിച്ചെടുത്ത് വിജയം. ഇന്ത്യൻ വംശജനായ രജേഷ് അഗർവാളിനെ 4426 വോട്ടുകൾക്കാണ് ശിവാനി പരാജയപ്പെടുത്തിയത്.

തൻമൻജീത് സിഘ് ദേസി

സിഖ് നേതാവായ തൻമൻജീത് സിഘ് ദേസി സ്‌ലോ മണ്ഡലത്തിൽനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ടർബൻ ധരിച്ച് ബ്രിട്ടീഷ് പാർലമെന്റിലെത്തുന്ന ആദ്യ എം.പിയാണ്.

സോജൻ ജോസഫ്

കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് 1779 വോട്ടിനാണ് വിജയം.