pic

എൻ. വാസുദേവ് ഇംഗ്ലണ്ടിൽ നിന്ന്

ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി പ്രതീക്ഷിച്ചതാണ്. തോൽവിയുടെ ആഴം മാത്രമായിരുന്നു അറിയേണ്ടത്. നാനൂറിലധികം സീറ്റ്‌ ലേബർ നേടുമെന്ന് മിക്ക സർവേകളും പ്രവചിച്ചിരുന്നു. ജനങ്ങളുടെ രോഷവും നിരാശയും മനസ്സിലാക്കുന്നുവെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ സുനക് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. സുനക് ജയിച്ചെങ്കിലും മുൻ പ്രധാനമന്ത്രി ലിസ് ട്രസും പല ക്യാബിനറ്റ് മന്ത്രിമാരും പരാജയപ്പെട്ടു.

കുടിയേറ്റത്തിന് കടിഞ്ഞാണിടും, സാമ്പത്തിക നില മെച്ചപ്പെടുത്തും, കൂടുതൽ നിയമനങ്ങൾ നടത്തി ചികിത്സാരംഗം ശക്തമാക്കും, തൊഴിലില്ലായ്മ കുറയ്ക്കും തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സുനക് അധികാരത്തിലേറിയത്. പണപ്പെരുപ്പം 11 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചെങ്കിലും, കുടിയേറ്റം ക്രമാതീതമായി വർദ്ധിച്ചതും അനധികൃത കുടിയേറ്റക്കാരെ റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനുള്ള തീരുമാനം നടപ്പാകാത്തതും ആശുപത്രികളിൽ ഡോക്ടറെ കാണാൻ മാസങ്ങൾ കാത്തു കിടക്കേണ്ട അവസ്ഥയും വീട്ടു വാടകയും ഊർജനിരക്കിലെ വർദ്ധനയും ഒക്കെ എല്ലാ ജനങ്ങളെയും ബാധിച്ചു.

കൊവിഡും നീണ്ടുപോകുന്ന യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്ക്‌ ഉപരോധം ഏർപ്പെടുത്തിയതിലൂടെ എണ്ണവില വർദ്ധിച്ചതുമൊക്കെ കാരണങ്ങളാണ്. ഒപ്പം മുൻഗാമികളുടെ നോട്ടക്കുറവുകളും ഭരണവീഴ്ചകളും സുനകിന്‌ വിനയായി. തീവ്ര വലതുപക്ഷ റിഫോം പാർട്ടി പലയിടങ്ങളിലും പതിനഞ്ചു ശതമാനത്തോളം വോട്ട്‌ നേടിയത് ഗുണം ചെയ്തത്‌ ലേബർ പാർട്ടിക്കാണ്.

റിഫോം പാർട്ടിക്ക്‌ വോട്ട് ചെയ്തവരെല്ലാം കൺസർവേറ്റിവ് പാർട്ടിക്കാരല്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവരിൽ ഭൂരിഭാഗവും പാർട്ടിക്ക് പിന്തുണ നൽകിയവരാണ്. നൂറിൽ പരം സീറ്റിൽ ലേബർ പാർട്ടിയുമായുള്ള വോട്ട് വ്യത്യാസത്തേക്കാൾ കൂടുതൽ വോട്ട് റിഫോം സ്ഥാനാർത്ഥികൾ നേടി. ഇതൊന്നും ലേബർ നേതാവ് കിയർ സ്റ്റാമെറിന്റെ കഴിവിനെ കുറച്ചു കാണുന്നതല്ല. പാർലമെന്റിൽ ഭരണകക്ഷിയെ രൂക്ഷമായി വിമർശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലേബർ പാർട്ടിയുടെ നേതാവായിരുന്ന ജെറെമി കോർബിന് പകരം എത്തിയ സ്റ്റാമെർ, കൃത്യമായ പ്രവർത്തനത്തിലൂടെ വിജയത്തിൽ എത്തുകയായിരുന്നു

ഇന്ത്യൻ വംശജനായ ഋഷി സുനക് പടിയിറങ്ങുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം പ്രസക്തമാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടിയേറ്റ വിഭാഗമാണ് ഇന്ത്യക്കാർ. ഇന്ത്യൻ വംശജർ ലേബർ പാർട്ടി ടിക്കറ്റിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ലോകത്തെ പ്രധാന സമ്പദ് ശക്തിയായി ഉയരുന്ന, വാങ്ങൽ ശേഷിയുള്ള കോടിക്കണക്കിന് ഉപഭോക്താക്കൾ ഉള്ള ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാൾ ഏറെ ബ്രിട്ടൻ വിലമതിക്കുന്നു.

2021 ജനുവരിയിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നശേഷം അന്നത്തെ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ ആദ്യം സന്ദർശിച്ച രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. അന്ന് തുടക്കമിട്ട സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ 2022 ദീപാവലിക്ക് മുമ്പ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പതിമൂന്നു വട്ടം കൂടിയാലോചനകൾ കഴിഞ്ഞിട്ടും അവസാന തീരുമാനമായിട്ടില്ല.

ബ്രിട്ടനിൽ മാറി വന്ന ഭരണനേതൃത്വവും റഷ്യൻ യുദ്ധവും ഒക്കെ കാര്യങ്ങൾ അമാന്തിപ്പിച്ചു. നിക്ഷേപം, സേവനം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവയൊക്കെ വിശദമായി പ്രതിപാദിക്കുന്ന ചർച്ചകൾ,​ ഇന്ത്യക്കാരുടെ വിസാ ഇളവ്, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളിൽ സമവായം ഉണ്ടാകാത്തതിനാൽ നിലച്ചിരിക്കയാണ്. ഇതിനിടയിലാണ് ഇരുരാജ്യങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഈ ചർച്ചകൾ തുടരുമെന്നാണ്‌ സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ ലേബർ പാർട്ടി നേതാവ് ഡേവിഡ് ലാമി ഇന്ത്യ സന്ദർശിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമനെയും വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയലിനെയും കണ്ടതും ഇതിന്റെ സൂചനയാണ്.


കുടിയേറ്റം കുറയ്ക്കണമെന്നത് ലേബർ പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നു. അത് നിയന്ത്രിക്കുന്ന രീതികളിൽ മാത്രമേ കൺസർവേറ്റീവ് പാർട്ടിയുമായി ഭിന്നതയുള്ളൂ. എങ്കിലും കൂടുതൽ ഡോക്ടർമാരെയും ആതുര പ്രവർത്തകരെയും നിയമിച്ച് ആരോഗ്യമേഖല ശക്തമാക്കും എന്ന ലേബറിന്റെ വാഗ്ദ്ധാനം ഇന്ത്യക്കാർക്ക് ഗുണകരമാകും.

സ്വതന്ത്ര വ്യാപാരക്കരാർ പരസ്പരം നേട്ടമുണ്ടാകും വിധം പൂർത്തിയാക്കേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണ്. വിദ്യാ‌ത്ഥികൾക്ക് പഠനശേഷം തുടരാനുള്ള സാദ്ധ്യതകൾ കുറവാണെങ്കിലും ഐ.ടി പോലെ തൊഴിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് അവസരങ്ങൾ കൈവരും.

തോൽവിയുടെ പ്രധാന കാരണങ്ങൾ

അഞ്ചു പ്രധാനമന്ത്രിമാരെയും ഏഴു ധനമന്ത്രിമാരെയും കണ്ട പതിനാലു വർഷത്തെ ഭരണത്തോടുള്ള ജനരോഷം

ബ്രെക്സിറ്റ് വൈകിയതും അതിനായി രണ്ടു തവണ പാർലമെന്റ് കാലാവധി തീരാതെ പിരിച്ചുവിട്ടതും

ബോറിസ്‌ ജോൺസന്റെ കാലത്ത് കൊവിഡ് നിയമങ്ങൾ ലംഘിച്ച് പാർട്ടികൾ നടത്തിയത് ഉൾപ്പടെയുള്ള വിവാദങ്ങൾ

പ്രധാനമന്ത്രിയായ ലിസ് ട്രസ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഏൽപ്പിച്ച സാമ്പത്തിക ആഘാതം

 പാർട്ടിയിലെ അച്ചടക്കമില്ലായ്മയും എംപിമാരുടെ കൊഴിഞ്ഞുപോക്കും

രാഷ്ട്രീയത്തിൽ സുനകിന്റെ പരിചയമില്ലായ്‌മ