maruthil-mahavishnu-templ

മരുതിൽ ശിവ വിഷ്ണു ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതനമായൊരു ക്ഷേത്രം. തൃപ്രങ്ങോട് മഹാ ശിവ ക്ഷേത്രം കഴിഞ്ഞാൽ പടിഞ്ഞാറു മുഖ ദർശനത്തിൽ ഉള്ള ശിവ ക്ഷേത്രം കൂടിയാണിത്. മാത്രമല്ല, ശിവ ഭഗവാനും വിഷ്ണു ഭഗവാനും ഒരേ മതിൽ കെട്ടിനുള്ളിൽ തുല്യ പ്രാധാന്യം ഉള്ള ഇന്ത്യയിലെ തന്നെ നാമമാത്രമായ ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണ് മരുതിൽ ശിവ വിഷ്ണു ക്ഷേത്രം. ഇവിടെ വൈദ്യ കലയിലുള്ള മൂർത്തിയായി ശിവ ഭഗവാൻ സ്വയംഭൂവിൽ കുടികൊള്ളുന്നു. ഇവിടെ നാഗ സാന്നിധ്യവും ദേവ പ്രശ്നത്തിൽ കണ്ടിട്ടുള്ളതാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്തിനും മുൻപ് ഉള്ള ഈ ക്ഷേത്രത്തിന് അക്കാലത്ത് ഒരുപാട് നാശ നഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിൽക്കാലത്ത് വന്ന കമ്മിറ്റികളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങളിലൂടെ ക്ഷേത്രം ഇന്നത്തെ നിലയിലേക്ക് മാറി.

ഇവിടെ ആദ്യം ഉണ്ടായത് സ്വയം ഭൂ ക്ഷേത്രമാണ്. ഇവിടെ ദ്വാപര യുഗത്തിൽ ഒരു മഹർഷി തപസ് അനുഷ്ഠിച്ചു ശിവഭഗവാൻ പ്രത്യക്ഷപ്പെട്ടന്നും വൈദ്യകല മൂർത്തിയായി ഇവിടെ കുടികൊള്ളുന്നുവെന്നുമാണ് ഐതീഹ്യം. ഇവിടെ നിന്ന് ലഭിക്കുന്ന തീർത്ഥം പോലും ഔഷധ ഗുണമുള്ളതാണെന്നാണ് ഐതീഹ്യം. അതുകൊണ്ടാണത്രെ മരുതിൽ എന്ന പേര് പോലും ഉണ്ടായത്. ഈ ക്ഷേത്രത്തിന്റെ കിഴക്ക് വശത്തായി കടക്കോട്ടിൽ മൂസ്സ് എന്ന ഒരു ബ്രാഹ്മണ കുടുംബം താമസിച്ചിരുന്നതായും പറയപ്പെടുന്നു. അവർ സന്താന ലബ്ധിക്കായി വിഷ്ണു ഭഗവാനെ ഭജിക്കുകയും തൽഫലമായി അവർക്ക് സന്താന ലബ്ധി ഉണ്ടാവുകയും അവർ ഒരു വിഷ്ണു ക്ഷേത്രം പണിയുകയും ഉണ്ടായെന്നുമാണ് ചരിത്രം. ആ ചരിത്രം ഇന്നും ഈ നൂറ്റാണ്ടിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ പേര് ഇവിടെ വന്നു വിഷ്ണു ഭഗവാന് പാൽ നേദിച്ചു കഴിച്ചു സന്താന ലബ്ധി നേടിക്കൊണ്ടിരിക്കുന്നു. കാലപ്പഴക്കത്തിനിടയിൽ കടക്കോട്ടിൽ മൂസ് കുടുംബം അന്യാധീനപ്പെട്ടു പോയെങ്കിലും ഇന്നും കടക്കോട്ടിൽ എന്ന പേര് ആ പറമ്പിന് നിലനിന്ന് പോരുന്നു.

.

ഇവിടെ ശിവക്ഷേത്രത്തിൽ ഉപദേവന്മാരായി ഗണപതി ഭഗവാനും, തിരുമാന്ധാംകുന്നിലമ്മയും, വിഷ്ണു ക്ഷേത്രത്തിൽ ഉപദേവനായി ഗണപതിയും പുറത്ത് ശാസ്താവും ഭദ്രകാളിയും രണ്ട് ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നു. ഭഗവതിക്ക് മുട്ടറുക്കൽ പ്രധാന വഴിപാടാണ്.

പ്രസിദ്ധമായ കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് 2.5 കിലോമീറ്ററും, ആയുർവേദത്തിന്റെ നാടായ കോട്ടക്കൽ നിന്ന് 11 കിലോമീറ്ററുമാണ് ഈ ക്ഷേത്രത്തിലേക്ക് ഉള്ള ദൂരം.