sports

മ്യൂണിക്ക്: യൂറോ മത്സരങ്ങള്‍ക്കിടയിലെ ഗോള്‍ ആഘോഷങ്ങളിലെ ആംഗ്യങ്ങളുടെ പേരില്‍ തുര്‍ക്കിയുടെ മെറിഹ് ഡെമിറാലിനും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനും വിലക്ക്. ഓസ്ട്രിയക്കെതിരായ പ്രീക്വാര്‍ട്ടറല്‍ രണ്ട് ഗോളുകള്‍ നേടി തുര്‍ക്കിയുടെ വിജയശില്പിയായ ഡെമിറാല്‍ ഗോള്‍ ആഘോഷത്തിനിടെ വോള്‍ഫ് സല്യൂട്ട് എന്ന് വിശേഷിപ്പിക്കുന്ന വിവാദ ആഗ്യം കാണിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ നിന്നാണ് യു.ഇ.എഫ്.എ വിലക്കിയിരിക്കുന്നത്.

ഇതോടെ നെതര്‍ലാന്‍ഡ്സിനെതിരെ ഇന്ന് രാത്രി നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരം ഡെമിറാലിന് നഷ്ടപ്പെടുമെന്ന് ഉറപ്പായി. തുര്‍ക്കി സെമിയില്‍ എത്തിയാല്‍ ആ മത്സരത്തിലും ഡെമിറാലിന് കളിക്കാനാകില്ല. തുര്‍ക്കി ടീം ഇതിനെതിരെ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ജര്‍മ്മന്‍ മന്ത്രി നാന്‍സി ഫ്രേസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡെമിറാലിന്റ വോള്‍ഫ് സല്യൂട്ടിനെതിരെ രംഗത്തെത്തിയിരുന്നു. തുര്‍ക്കിഷ് ജനത വിജയചിഹ്ന്‌നമായി കാണിക്കുന്നതാണ് വൂള്‍ഫ് സല്യൂട്ട്. തീവ്ര ദേശീയ വാദികളാണ് പലപ്പോഴും ഈ സല്യൂട്ട് ചെയ്യുന്നത്.

അതേസമയം പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയ്ക്ക് എതിരെ ഗോള്‍ നേടിയ ശേഷം സുഹൃത്തുക്കള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ആഘോഷിച്ചതിനാണ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെതിരെ നടപടി വന്നിരിക്കുന്നത്. ഒരു മത്സരത്തിലാണ് ജൂഡിന് വിലക്ക്. അതേസമയം ഈ വിലക്ക് ഒരു വര്‍ഷത്തിനിടെ എപ്പോഴെങ്കിലും പാലിച്ചാല്‍ മതിയെന്നതിനാല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജൂഡിന് കളിക്കാനാകും, വിലക്കിനൊപ്പം 30,000 യൂറോ (ഏകദേശം 27 ലക്ഷം രൂപ) ജൂഡ് പിഴയായി അടയ്ക്കുകയും വേണം.