merin

സ്റ്റുട്ട്ഗാട്ട്: സൂപ്പർ ടീമുകൾ മുഖാമുഖം വന്ന എക്സ്ട്രാ ടൈമോളം നീണ്ട വാശിയേറിയ ക്വാർട്ടറിൽ ആതിഥേയരായ ജർമ്മനിയെ 2-1ന് കീഴടക്കി സ്‌പെയിൻ ഇത്തവണത്തെ യൂറോ ടൂർണമെന്റിന്റെ സെമി ഫൈനലുറപ്പിക്കുന്ന ആദ്യടീമായി.

നിശ്ചയസമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

51-ാം മിനിട്ടിൽ ഡാനി ഓൾമോയിലൂടെ സ്പെയിനാണ ്ആദ്യം മുന്നിലെത്തിയത്. നിശ്ചിത സമയം അവസാനിക്കാറാകവെ 89-ാം മിനിട്ടിൽ ഫ്ലോറിയൻ വ്റിറ്റ്‌സ് ജർമ്മനിക്ക് സമനില നേടിക്കൊടുത്തതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌‌സ്ട്രാ ടൈം അവസാനിക്കാറാകവെ 118-ാം മിനിട്ടിൽ മൈക്കൽ മെറീനോ സ്‌പെയിനിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.

ക്രോസ് ബാറിന് കീഴിൽ ഉനെ സമോണിന്റെ തകർപ്പൻ സേവുകളും സ്‌പെയിന്റെ വിജയത്തിന് പ്രധാന കാരണമായി.എക്‌സ്‌ട്രാ ടൈമിന്റെ അധിക സമയത്ത് ലോംഗ് വിസിലിന് തൊട്ടുമുൻപ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഡാനി കാർവഹാൽ പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് സ്‌പെയിൻ മത്സരം പൂർത്തിയാക്കിയത്.

ഇരുടീമും തുടക്കം മുതലേ ആക്രമണവുമായി കളം നിറഞ്ഞു. എട്ടാം മിനിട്ടിൽ പെഡ്രി പരിക്കേറ്റ് പുറത്തുപോയി. പകരമെത്തിയ ഡാനി ഓൾമോയാണ് സ്പാനിഷ് ജയത്തിന് ഗോളടിച്ചും അസിസ്റ്റ് നൽകിയും നിർണായക സംഭാവന നൽകിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ഇരുടീമും സൃഷ്ടിച്ചെടുത്തെങ്കിലും വലകുലുങ്ങിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിൻ ലീഡെടുത്തു. ലാമിനെ യമാൽ നൽകിയ ഗംഭീര പാസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന് ഓൾമോ മനോഹരമായി വലയിലാക്കുയായിരുന്നു. ഗോൾ തിരിച്ചടിക്കാനുള്ള ജർമ്മനിയുടെ മുന്നേറ്റ പരമ്പരയാണ് പിന്നീട് കണ്ടത്.പരക്കാരനായെത്തിയ ഫുൾകുർഗിന്റെ ശ്രമം 77-ാം മിനിട്ടിൽ സ്പാനിഷ് പോസ്റ്റിൽ തട്ടിത്തെറിച്ചു. 89-ാം മിനിട്ടിൽ ജർമ്മനി തിരിച്ചടിച്ചു.ബോക്സിനുള്ളിൽ ജോഷ്വാ കിമ്മിച്ച് ഹെഡ്ഡ് ചെയ്ത് നൽകിയ പന്ത് വ്‌റിറ്റ്സ് വലങ്കാലൻ ഷോട്ടിലൂടെ വലയ്ക്കകത്താക്കുകയായിരുന്നു.

തുടർന്ന് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെയും ആദ്യ പുകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോക്സിനകത്ത് വച്ച് സ്പാനിഷ് ഡിഫൻഡർ കുക്കുറെല്ലയുടെ കൈയിൽ പന്ത് തട്ടിയെന്ന് കാണിച്ച് ജർമ്മൻ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും നിരസിക്കപ്പെട്ടു.

മത്സരം ഷൂട്ടൗട്ടിലേക്കെന്ന് കരുതിയിരിക്കയാണ് ഓൾമോയുടെ പാസിൽ നിന്ന് മെറീനോ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്.