railway

കൊച്ചി: ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും പ്രമുഖ നഗരങ്ങളെ കൊച്ചിയുമായി ബന്ധിപ്പിച്ച് വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കണമെന്ന് ആവശ്യം. മധുര -എറണാകുളം റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പറും കൊച്ചി -ബംഗളുരു- ചെന്നൈ റൂട്ടില്‍ വന്ദേഭാരത് ട്രെയിനുമാണെത്തേണ്ടത്. ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

കര്‍ണാടകത്തിലെ മൈസൂര്‍, ബംഗളൂരു, തമിഴ്‌നാട്ടിലെ മധുര, ചെന്നൈ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളെ കേരളത്തിലേയ്ക്കും ആകര്‍ഷിക്കാന്‍ വന്ദേഭാരത് സഹായമാകും. ഒപ്പം കര്‍ണാടക, തമിഴ്‌നാട് സ്വദേശികളെയും കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയും. വന്ദേഭാരത് ട്രെയിനിലെ മികച്ച യാത്രാസൗകര്യവും ഗുണകരമാകും.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് ടൂറിസം, ട്രാവല്‍ മേഖലകളിലെ സംരംഭകരുടെ സംഘടനയായ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെ.ടി.എം) നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

മറ്റു നിര്‍ദ്ദേശങ്ങള്‍

തൃശൂര്‍ പൂരം പോലെ കൂടുതല്‍ ഉത്സവങ്ങളെ ടൂറിസത്തില്‍ ഉള്‍പ്പെടുത്തുക

പുതിയ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അവതരിപ്പിക്കുക

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക

കേരളത്തെ വിവാഹ, സമ്മേളന (മൈസ്) ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുക

അന്താരാഷ്ട്ര വിപണിയില്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രചാരണം പുനരാരംഭിക്കുക

20 ഇന്ത്യന്‍ എംബസികളില്‍ ടൂറിസം ഓഫീസുകളുടെ ഫോണ്‍ നമ്പരും വിലാസവും പ്രദര്‍ശിപ്പിക്കുക

കേരള ട്രാവല്‍മാര്‍ട്ട് നടത്തിപ്പിന് കേന്ദ്ര ധനസഹായം നല്‍കുക

തിരുവനന്തപുരത്ത് ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുക

ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് വാല്യു ട്രാവല്‍ ബോര്‍ഡ് രൂപീകരിക്കുക

അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ മെഡിക്കല്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കുക

ടൂറിസം സൊസൈറ്റികള്‍ക്ക് സാമ്പത്തികസഹായം

''പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുന്നതിന് റെയില്‍ മന്ത്രിയുമായി സംസാരിക്കും. വിനോദസഞ്ചാരരംഗത്തെ സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തും.'' - സുരേഷ് ഗോപി, കേന്ദ്ര ടൂറിസം സഹമന്ത്രി

കൊച്ചി 2022

ആഭ്യന്തര സഞ്ചാരികള്‍

ആകെ : 26,30,461പേര്‍

കേരളം കണ്ടവര്‍

തമിഴ്‌നാട് 16,97,541

കര്‍ണാടക 11,59,112

മഹാരാഷ്ട്ര 6,25,403

ആന്ധ്രപ്രദേശ് 3,20,127

സഞ്ചാരികള്‍ കൊച്ചിയിലേക്ക്

കേരളത്തില്‍ ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികളെത്തുന്നത് കൊച്ചിയിലാണ്. 2022ല്‍ ആകെ ആഭ്യന്തരസഞ്ചാരികളില്‍ 13.94 ശതമാനവും കൊച്ചിയിലാണെത്തിയത്. മൂന്നാറില്‍ 5.68 ഉം ആലപ്പുഴയില്‍ 3.31 ഉം ഗുരുവായൂരില്‍ 7.74 ശതമാനമാണ്. കേരളത്തിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ കൊച്ചിയിലെത്തി മൂന്നാര്‍, ആലപ്പുഴ, തേക്കടി, തൃശൂര്‍, കുമരകം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നത്.