kk

പറവൂർ: പൊക്കാളി കൃഷിയുടെ നെല്ലറയായിരുന്ന കടമക്കുടിയിൽ ഇത്തവണ വിളയുക ആന്ധ്രാപ്രദേശിലെ വിത്തുകൾ. ജൈവ സമ്പൂർണമായ നാടൻ പൊക്കാളി കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചതിനാലാണ് ആന്ധ്രയിലെ മറ്റലി പട്ടണത്തിൽ നിന്ന് പൊക്കാളി നെൽവിത്തുകൾ കൊണ്ടുവന്നത്.

സ്വാമിനാഥൻ ഫൗണ്ടേഷൻ വഴി നൂറ് കിലോഗ്രാം വിത്തുകളാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ കർഷകരും കൃഷിഭവനും വിത്തുകൾ ശേഖരിച്ചിരുന്നില്ല. കൃഷിഭവനിൽ വൈറ്റില എട്ട്, വൈറ്റില പത്ത് എന്നീ ഇനം വിത്തുകളാണുള്ളത്. ഈ വിത്തുകൾക്ക് പൊക്കാളിയുടെ ഗുണമേന്മയില്ല. 2018ലെ പ്രളയത്തിലും കടമക്കുടിയിലെ പാടങ്ങളിൽ പൊക്കാളികൃഷി പിടിച്ചു നിന്നെങ്കിലും കഴിഞ്ഞ വർഷം വിതച്ച വിത്തുകൾ മഴയുടെ കുറവ് മൂലം നശിച്ചു.

കടമക്കുടിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പാണ് ആന്ധ്രാപ്രദേശിലേക്ക് പൊക്കാളി നെല്ലുകൾ കൊണ്ടുപോയത്. ആന്ധ്രയിലെ നെൽപ്പാടത്ത് വളർത്തിയിരുന്ന തിലോപ്പിയ മത്സ്യങ്ങൾക്ക് നാശം സംഭവിച്ചപ്പോഴാണ് മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വിത്തുകൾ കൊണ്ടുപോയത്. കടമക്കുടിയിലെ വിത്തുകൾ ആന്ധ്രയിലെ കൃഷിഭൂമിയിൽ നൂറുമേനി വിളവിനൊപ്പം മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ ആന്ധ്രയിൽ പൊക്കാളി നെൽക്കൃഷി വ്യാപകമായി. കടമക്കുടിയുടെ പാരമ്പര്യം നിലനിർത്താൻ കൂടിയ വിലനൽകിയാണ് വിത്തുകൾ തിരിച്ചു കൊണ്ടുവന്നത്.

ജലവിഭവങ്ങൾ കൊണ്ട് വളരെ സമൃദ്ധമായ കേരളത്തിന്റെ മദ്ധ്യഭാഗത്തെ തീരപ്രദേശത്തുള്ള ഓരുജല മേഖലയിൽ സമൃദ്ധമാണ് പൊക്കാളി നെല്ല്. നെൽകൃഷിക്ക് ശേഷം ചെമ്മീനും സമ്പുഷ്ടമായി

പൊക്കാളി നില ഏജൻസി നിലവിലുണ്ടെങ്കിലും കൃഷിയെ പ്രേത്സാഹിപ്പിക്കാനും സംരക്ഷിക്കാനും യാതൊരു നടപടികളും ഉണ്ടാവുന്നില്ല. കൃഷിഭവൻ വഴി നൽകുന്ന വിത്തുകൾ കരനെൽകൃഷിക്ക് അനുയോജ്യമായതാണ്. പൊക്കാളി പാടത്ത് കൃഷിചെയ്താൽ വേണ്ടത്ര വിളവ് ലഭിക്കുന്നില്ല

കെ.എ. തോമസ്

കർഷകൻ

--------------------------------------------------------------------------------

സൊസൈറ്റികൾ അമ്പത് രൂപക്കാണ് നെല്ല് വാങ്ങുന്നത്. നൂറ്റിപത്ത് രൂപയാണ് പൊക്കാളി അരിക്ക്. എന്നിട്ടും നെല്ലിന് താങ്ങുവില ലഭിക്കുന്നില്ല, ശേഖരിച്ച നെൽ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. കടമക്കുടിയിലെ കർഷക സമാജവും കർഷക തൊഴിലാളി സമാജവുമാണ് പൊക്കാളി കൃഷി നടത്തുന്നത്.