armstrong-

ചെന്നൈ: തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ​കെ ആംസ്ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊന്നു. ചെന്നൈയിലെ സെംബിയം പ്രദേശത്തെ വസതിക്ക് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ ആറംഗ സംഘം ​ആംസ്ട്രോങ്ങിനെ ആക്രമിച്ചത്. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെയാണ് ആക്രമണം. ബന്ധുക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് ശേഷം ആറംഗ സംഘം ഓടിരക്ഷപ്പെട്ടിരുന്നു.

നിലവിൽ എട്ടുപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പിടിയിലായത് കൊല്ലപ്പെട്ട ഗുണ്ടാത്തലവനായ ആർകോട്ട് സുരേഷിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരാണ്. ആർകോട്ട് സുരേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാകാം ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തേ സംശയിച്ചിരുന്നു.

ഫുഡ് ഡെലിവെറി ചെയ്യാനെന്ന രീതിയിലാണ് അക്രമികളെത്തിയതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില അവതാളത്തിലാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്നത് ഗുണ്ടകളാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ വരെ കൊല്ലപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. അഭിഭാഷകനായ ആംസ്ട്രോങ് 2006ൽ ചെന്നൈ കോർപ്പറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആംസ്‌ട്രോങ്ങ് എന്നും ദളിതരുടെ ശബ്ദമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ബിഎസ്‌പി നേതാവ് മായാവതി എക്‌സിൽ കുറിച്ചു.