shwetha-menon

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. മോഡലിംഗ്, അവതാരക എന്നീ മേഖലകളിൽ നിന്നും സിനിമയിലേക്ക് വന്ന ശ്വേതയ്ക്ക് 2011ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. സമാന്തര സിനിമകളുടെ ഭാഗം കൂടിയായ ശ്വേതയുടെ സാൾട്ട് ആൻഡ് പെപ്പറിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. മലയാള സിനിമയിൽ ഇപ്പോൾ സജീവമായ ശ്വേത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നൽകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ മേഖലയിലുണ്ടായ ചില സൗഹൃദങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് ശ്വേത തുറന്നുപറയുന്നത്. മഞ്ജു വാര്യർ, ഭാവന, ഗീതുമോഹൻദാസ്, പൂർണിമ, സംയുക്ത വർമ്മ എന്നിവരുമായുള്ള സൗഹൃദം നഷ്ടപ്പെടാനുള്ള കാരണം എന്താണെന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് മറുപടിയായി 'തങ്ങളുടെ കാഴ്ചപ്പാടൊക്കെ മാറിയെന്നായിരുന്നു' ശ്വേത നൽകിയ മറുപടി.

ശ്വേതയുടെ വാക്കുകളിലേക്ക്...

'എനിക്ക് നേരെ വാ നേരെ പോ മാത്രമേ അറിയത്തുള്ളൂ. എനിക്ക് വാക്കുകൾ കടിച്ച് പിടിച്ച് സംസാരിക്കാൻ അറിയില്ല. പറയാനുള്ളത് നേരിട്ട് പറയും. ഞാൻ ഒറ്റ മോളാണ്, എനിക്ക് സ്‌നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ. ഇവരല്ല, ഇനി ആര് എന്നോട് കള്ളത്തരം പറഞ്ഞാലും എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.

ഞാൻ ആരുടെ ജീവിതത്തിലും വന്ന് കള്ളത്തരം പറയാറില്ല. ഇനി വന്നാലും ഞാൻ സ്‌ട്രേയിറ്റായിരിക്കും. ഞങ്ങൾ തമ്മിൽ അങ്ങനെ എന്തോ ഒരു സ്വരച്ചേർച്ചയില്ലാതായി. കള്ളത്തരം പറഞ്ഞതുകൊണ്ട് തന്നെയാണ്. ഞാൻ ബോംബെക്കാരത്തിയാണ്. ഞാൻ എന്തുകൊണ്ടാണ് ഇവരെ എല്ലാം ബുദ്ധിമുട്ടിക്കുന്നത്. ബോളിവുഡിൽ നിന്ന് വന്ന എനിക്ക് അവിടെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് ഞാൻ എന്തിനാണ് ബുദ്ധിമുട്ടുന്നതെന്ന് എനിക്ക് തോന്നി'- ശ്വേത പറഞ്ഞു.

ദിലീപ്- മഞ്ജു വാര്യർ വിഷയം ഒരു കാരണമാണോ എന്ന ചോദ്യത്തിന് അതുമാത്രമല്ലെന്ന മറുപടിയാണ് ശ്വേത നൽകിയത്. 'അതൊന്നുമല്ല, അത് ഇപ്പോൾ വെറൊരു രീതിയിലാണ്. എനിക്ക് കുറച്ച് കാര്യങ്ങളൊന്നും ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ ഒന്നും നടന്നില്ല, ഇറ്റ്സ് ഫൈൻ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. ആ ഗ്രൂപ്പിൽ ഇപ്പോൾ ശ്വേതയില്ലന്നേ ഉള്ളൂ. അതു കാരണം ആരുടെയും ജീവിതമൊന്നും സ്‌റ്റോപ്പായിട്ടില്ല'- ശ്വേത വ്യക്തമാക്കി.