ലോകമെമ്പാടുള്ള ഓരോ ജനവിഭാഗത്തിന് വ്യത്യസ്തമായ ഭക്ഷണ ശൈലികളാണുണ്ടാകുക. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം കഴിക്കാൻ എല്ലാവർക്കും സാധിച്ചെന്നുവരില്ല. ചിലർ അറപ്പോടെയും വെറുപ്പോടെയും നോക്കിക്കാണുന്ന ഭക്ഷണം മറ്റുചിലർ വളരെ ആകാംക്ഷയോടെ രുചിച്ചു നോക്കുന്നതും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
12 അടി നീളമുള്ള പെരുമ്പാമ്പിനെ മസാല പുരട്ടി ഗ്രിൽ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടേതാണ് വീഡിയോ. അടുപ്പിൽ വെച്ചിരിക്കുന്ന പാമ്പിന്മേൽ ഇയാൾ ഓയിൽ തളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ അടുപ്പിൽ നിന്നും മാറ്റിയ പാമ്പിന്റെ മുകളിൽ ചില മസാലപ്പൊടികളും ഇയാൾ വിതറുന്നുണ്ട്. പിന്നാലെ ഇയാൾ തിളപ്പിച്ച എണ്ണയിലേക്കും പാമ്പിനെ ഇറക്കി പൊരിച്ചെടുക്കുന്നു. നിമിഷങ്ങൾക്ക് ശേഷം പാമ്പിന്റെ നിറം കറുപ്പായി മാറുന്നുണ്ട്.
വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഈ പാമ്പിന്റെ ഏത് ഭാഗത്താണ് ഏറ്റവും രുചികരമെന്നതടക്കം കമന്റ് ചെയ്യുന്നവരുണ്ട്. ചിലർ നല്ല കമന്റുകൾ പങ്കുവയ്ക്കുമ്പോൾ മറ്റ് ചിലർ മോശം കമന്റുകളും പങ്കുവയ്ക്കുന്നു. ഈ വീഡിയോ കാണുമ്പോൾ അറപ്പ് തോന്നുന്നെന്നാണ് ചിലർ പറയുന്നത്.