കാസർകോട്: റെയിൽവേ ട്രാക്കിൽ സംശയകരമായ സാഹചര്യത്തിൽ കടലാസ് പൊതി കണ്ടെത്തി. ചന്ദ്രഗിരി പാലത്തിന് സമീപമാണ് സംഭവം. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി, കടലാസ് പൊതി തുറന്നുപരിശോധിച്ചു.
കെട്ട് ചരടും കമ്പിയുമാണ് കടലാസ് പൊതിയിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. ആരെങ്കിലും 'കൂടോത്രം' ചെയ്തതാണോയെന്ന് വ്യക്തമല്ല. മുമ്പ് കാസർകോട്ടെ വിവിധയിടങ്ങളിലുള്ള റെയിൽവേ ട്രാക്കിൽ നിന്ന് കടലാസിൽ പൊതിഞ്ഞ നിലയിൽ കല്ലും ഇരുമ്പ് കണങ്ങളും ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനാൽത്തന്നെ ഇതും അത്തരത്തിലെന്തെങ്കിലുമായിരിക്കുമെന്നാണ് അധികൃതർ ആദ്യം കരുതിയത്. എന്നാൽ തുറന്നുനോക്കിയപ്പോൾ കെട്ടുചരടും കമ്പിയും കണ്ടെത്തുകയായിരുന്നു. ആരാണ് ഇത് ഇവിടെ ഇട്ടതെന്ന് വ്യക്തമല്ല.
അതേസമയം, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെയും കെ സുധാകരന്റെയും സാന്നിദ്ധ്യത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള ഒരു കർമ്മിയാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിർദ്ദേശപ്രകാരം മാസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് സുധാകരന്റെ വീട്ടിൽ കന്നിമൂലയ്ക്ക് സമീപം കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്.
കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പഴയതാണെന്നും തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ ഉണ്ണിത്താനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.