e

ചെന്നൈ: തമിഴ്നാട് ബി.എസ്.പി അദ്ധ്യക്ഷൻ കെ. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. രാഷ്ട്രീയ കാരണങ്ങളല്ലെന്നും കുറ്റകൃത്യം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ചെന്നും സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് അറിയിച്ചു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇതിനായി പത്ത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. അതേസമയം ആംസ്‌ട്രോങ്ങിന്റെ സംസ്കാരം ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് 48കാരനായ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുൻ ചെന്നൈ കോർപറേഷൻ കൗൺസിലറായിരുന്നു. ദളിതരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

സംഭവത്തെ തുടർന്ന് ചെന്നൈയിലെ പെരമ്പൂർ, സെമ്പിയം മേഖലകളിൽ സുരക്ഷ വർദ്ധിപ്പിച്ചു.

സംസ്ഥാനത്തെ ശക്തമായ ദളിത് ശബ്ദമായിരുന്നു ആംസ്‌ട്രോങ് എന്നും തമിഴ്നാട് സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ബി.എസ്.പി അദ്ധ്യക്ഷ മായാവതി പ്രതികരിച്ചു. അതേസമയം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി കുറ്റപ്പെടുത്തി. ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കൊല്ലപ്പെടുമ്പോൾ എന്ത് പറയാനാണ്? നിയമത്തെയോ പൊലീസിനെയോ ഭയക്കേണ്ടതില്ലാത്ത അവസ്ഥയാണെന്നും വിമർശിച്ചു.

അതിനിടെ കൊലപാതകത്തിൽ ചെന്നൈയിൽ പ്രതിഷേധം ശക്തമാകുകയാണ്. ബി.എസ്.പി പ്രവർത്തകർ

റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.