കുൽഗാം: ജമ്മു കാശ്‌മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു. എട്ട് ഭീകരരെ സൈന്യം വധിച്ചു. ജില്ലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ആർ.പി.സി സംഘവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോദേഗാം ഗ്രാമത്തിലുണ്ടായ വെടിവയ്‌പിൽ പരിക്കേറ്റ ജവാൻ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഫ്രിസാൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ജവാൻ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിന് പിന്നാലെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ നാലു ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെ വിന്യസിച്ചു. നാലോളം ഭീകരരെയും അവരുടെ ഒളിത്താവളവും സേന വളഞ്ഞെന്നാണ് റിപ്പോർട്ട്