റിക്രിയേഷൻ ക്ളബ് ഒരുക്കി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: പൊലീസുകാർക്കിടയിലെ ആത്മഹത്യകളും സമ്മർദ്ദങ്ങളും ചർച്ചയായിക്കൊണ്ടിരിക്കെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ വഴികൾ തേടുകയാണ് ഒരുകൂട്ടം പൊലീസുകാർ. മേശയ്ക്ക് ചുറ്റുമിരുന്ന് ആശയങ്ങളും തമാശകളും പങ്കുവച്ചും,കാരംസ് ബോർഡ്,ചെസ് തുടങ്ങിയ കളികളിൽ ഏർപ്പെട്ടും സന്തോഷം കണ്ടെത്തുകയാണ് തിരുവനന്തപുരം ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ.

ഓഫീസിനടുത്തുണ്ടായിരുന്ന പഴയ ഡമ്പിംഗ് യാർഡിനെ റിക്രിയേഷൻ ക്ളബാക്കി മാറ്റി.മാലിന്യം നിറഞ്ഞുകിടന്ന മുറി വൃത്തിയാക്കിയാണ് ക്ളബ് ആരംഭിച്ചത്. മൈത്രി റിക്രിയേഷൻ ക്ളബ് എന്ന പേരുമിട്ടു.പുതിയ ചെസ് ബോർഡും കാരം ബോർഡുകളും വാങ്ങി.ഇപ്പോൾ ജോലി കഴിഞ്ഞുള്ള സമയമായാലും വിശ്രമവേളയായാലും എല്ലാവരും ഇവിടെ ഒത്തുച്ചേരും.

പൊലീസുകാരുടെ മക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക,റിട്ടയേർഡാവുന്ന പൊലീസുകാരെ ആദരിക്കുക തുടങ്ങിയ ചെറിയ ചെറിയ ഉദ്ദേശ്യങ്ങളോടെ ഒരു വർഷം മുമ്പാണ് റിക്രിയേഷൻ ക്ളബ് ആരംഭിക്കുന്നത്.രജിസ്ട്രേഷനുമുണ്ട്.എന്നാൽ കൂടി വരുന്ന പൊലീസുകാരുടെ മാനസിക സമ്മർദ്ദത്തിന് പരിഹാരം കണ്ടെത്തണമെന്ന എല്ലാ പൊലീസുകാരുടെയും ഒരുപോലെയുള്ള അഭിപ്രായം മാനിച്ചാണ് മൈത്രി റിക്രിയേഷൻ ക്ളബിനെ ഇങ്ങനെ രൂപാന്തരപ്പെടുത്തിയത്. ജോലി സമ്മർദ്ദങ്ങളിൽ നിന്ന് മാറി പൊലീസുകാർക്ക് മാനസിക ഉല്ലാസം കിട്ടുക എന്നതാണ് ക്ളബിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ചെറിയ ഒരു തുക ക്ളബിന്റെ പ്രവർത്തനത്തിനായി എല്ലാ പൊലീസുകാരും നൽകുന്നുണ്ട്. വിഷു,ഓണം,ബക്രീദ്,ക്രിസ്മസ് തുടങ്ങിയ പ്രധാന ആഘോഷങ്ങളും ക്ളബിന്റെ പേരിൽ ആഘോഷിക്കുന്നുണ്ട്. ഓഫീസ് പ്രവർത്തനം കഴിഞ്ഞാൽ ക്ളബിലെത്തി സമയം ചെലവഴിക്കുന്ന പൊലീസുകാർ അടുത്ത ദിവസത്തെ ഡ്യൂട്ടി കൂടി ചർച്ച ചെയ്താണ് പിരിയുന്നത്. 72ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.