ആലുവ: സൈബർ തട്ടിപ്പ് ചെറുക്കാൻ മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് വീണ്ടും രംഗത്ത്. വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചഞ്ഞും നിക്ഷേപ, വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തിൽ വരുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാണെന്ന് പൊലീസ് പറയുന്നു.

സമീപകാലത്തായി വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് നിരവധി തട്ടിപ്പുകളാണ് നടന്നത്. യൂണിഫോം ധരിച്ചെത്തി സി.ബി.ഐ, എൻ.സി.ബി, സംസ്ഥാന പൊലീസ് എന്നിവരാണെന്ന് പറഞ്ഞാണ് തട്ടിപ്പ്.
സൈബർ തട്ടിപ്പ് സംഘങ്ങൾ പുതു തന്ത്രങ്ങളിലൂടെ ഇരയാക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകൾ പലവിധത്തിൽ

ഡ്രഗ്‌സ് പാഴ്‌സൽ പിടികൂടി,​ പോണോഗ്രഫി സൈറ്റ് സന്ദർശിച്ചു എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തും

വ്യാജ വാറൻഡുകളും എഫ്.ഐ.ആറും അയച്ചു നൽകി കെണിയിലാക്കും

വെർച്ച്വലായി അറസ്റ്റിലായെന്നും ഭീഷണിപ്പെടുത്തും.

തുടർന്ന് അക്കൗണ്ടിലെ മുഴുവൻ തുകയും പരിശോധനയുടെ ഭാഗമായി അവർ പറയുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ നിർദ്ദേശിക്കും

തട്ടിപ്പാണെന്ന് മനസിലാകുക പണം കൈമാറിയ ശേഷം

നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാപകം

ഇരകളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയ വഴി

നിക്ഷേപങ്ങൾക്ക് വൻ ലാഭം വാഗ്ദാനം ചെയ്യും

തട്ടിപ്പിനിരയായെന്ന് മനസിലാകുന്നത് നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ മാത്രം