snake

പട്‌ന: പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യും ഉടനെ ചികിത്സ തേടും. എന്നാല്‍ തന്നെ കടിച്ച പാമ്പിനോട് പക വീട്ടിയിരിക്കുകയാണ് ബിഹാറിലെ ഒരു യുവാവ്.നവാഡിലെ രജൗലിയിലാണ് കേള്‍ക്കുമ്പോള്‍ വിചിത്രമായ സംഭവം ഉണ്ടായിരിക്കുന്നത്. റെയില്‍വേയില്‍ പാളങ്ങളില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തന്റെ ക്യാമ്പില്‍ ഉറങ്ങുകയായിരുന്നു സന്തോഷ്. ഈ സമയത്ത് ഒരു വിഷപാമ്പ് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ് ദേഷ്യം വന്ന സന്തോഷ് ആദ്യം ഒരു വടികൊണ്ട് പാമ്പിനെ പിടികൂടുകയും തുടര്‍ന്ന് തിരിച്ച് കടിക്കുകയും ചെയ്തു. യുവാവിന്റെ കടിയേറ്റ് പാമ്പ് ചത്തുപോകുകയായിരുന്നു. തന്നെ ഒരു തവണ കടിച്ച പാമ്പിനെ ഇയാള്‍ രണ്ട് തവണയാണ് തിരിച്ച് കടിച്ചത്.


യുവാവിന് പാമ്പ് കടിയേറ്റ വിവരം അറിഞ്ഞയുടന്‍ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് കൃത്യസമയത്ത് ചികിത്സ ലഭിച്ച 35കാരന്‍ രക്ഷപെടുകയായിരുന്നു. 'ഒരു പാമ്പ് കടിച്ചാല്‍ വിഷം നിര്‍വീര്യമാക്കാന്‍ കടിയേല്‍ക്കുന്നയാള്‍ അതിനെ രണ്ടുതവണ കടിക്കണമെന്ന് തന്റെ ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്' എന്നായിരുന്നു 'തിരിച്ചുകടി'യെ കുറിച്ചുള്ള സന്തോഷിന്റെ പ്രതികരണം.

ജാര്‍ഖണ്ഡ് സ്വദേശിയായ സന്തോഷ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സന്തോഷ് പാമ്പിനെ കടിച്ചിട്ടും ഒന്നും പറ്റിയില്ലെങ്കില്‍ അത് വിഷമില്ലാത്ത പാമ്പായിരിക്കുമെന്നാണ് നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.