cricket

ഹരാരെ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം രാജ്യത്ത് കെട്ടടങ്ങുന്നതിന് മുമ്പ് യുവ ഇന്ത്യക്ക് സിംബാബ്‌വെ ഷോക്ക്. ഹരാരെയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനാണ് ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഗില്‍ ഒഴികെ ഒരു മുന്‍നിര ബാറ്റര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് 116 റണ്‍സെന്ന ചെറിയ ലക്ഷ്യം മറികടക്കുന്നത് ഇന്ത്യക്ക് അസാദ്ധ്യമായത്. അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0ന് മുന്നിലെത്തി.

സ്‌കോര്‍ സിംബാബ്‌വെ 115-9 (20), ഇന്ത്യ 102-10(19.5)

116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 0(4)യെ നഷ്ടമായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 31(29) ഒഴികെ ഒരു മുന്‍നിര ബാറ്റര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. റുതുരാജ് ഗെയ്ക്‌വാദ് 7(9), റിയാന്‍ പരാഗ് 2(3), റിങ്കു സിംഗ് 0(2), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരല്‍ 6(14) എന്നിവര്‍ നിരാശപ്പെടുത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ 27(34) അവസാന ഓവര്‍ വരെ പിടിച്ച് നിന്നെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആളില്ലായിരുന്നു.

രവി ബിഷ്‌ണോയി 9(8), ആവേശ് ഖാന്‍ 16(12) എന്നിവര്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നപ്പോള്‍ മുകേഷ് കുമാര്‍ 0(3) റണ്ണൊന്നും നേടാതെ പുറത്തായി. ഖലീല്‍ അഹ്മദ് 0*(1) പുറത്താകാതെ നിന്നു. സിംബാബ്‌വെക്ക് വേണ്ടി തെന്ദായി ചതാര, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബ്രയാന്‍ ബെന്നറ്റ്, വെല്ലിംഗ്ടണ്‍ മസകഡ്‌സ, ബ്ലെസിംഗ് മുസറബാനി, ലൂക്ക് ജോംഗ്‌വെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ മികവിലാണ് ഇന്ത്യ സിംബാബ്‌വെയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.