eng

ഡുസ്സൽഡോർഫ്: പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർ‌ലാൻഡിനെ കീഴടക്കി ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയും യൂറോ കപ്പിന്റെ സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത് ഇരുടീമും ഓരോഗോൾ വീതം നേടി സമനില പാലിച്ചതിനാലാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീണ്ടത്.

ഷൂട്ടൗട്ടിൽ സ്വി‌റ്റ്‌സർലാൻഡിന്റെ ആദ്യ കിക്കെടുത്ത മാനുവൽ അകാഞ്ചിയുടെ ഷോട്ട് സേവ്‌ചെയ്ത് ഗോൾ കീപ്പർ ജോർദൻ പിക്ഫോർഡാണ് ഇംഗ്ലണ്ടിന് സെമിയിലേക്ക് വഴിതുറന്നു കൊടുത്തത്. ഷൂട്ടൗട്ടിൽ 5-3നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിനായി കിക്കെടുത്ത കോൾ പാൽമർ‌, ജൂഡ് ബെല്ലിംഗ്ഹാം,ബുക്കായോ സാക്ക, ഐവാൻ ടോണി,ട്രെൻഡ് അലക്സാണ്ടർ അർനോൾഡ് എന്നിവരെല്ലാം ലക്ഷ്യം കണ്ടു. സ്വിറ്റ്സർലാൻഡിന്റെ ഫാബിയാൻ സ്കാർ, ഷാക്കീരി, സ്വെകി ആംഡുനി എന്നിവരും ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിന്റെ അഞ്ചാം കിക്കെടുത്ത അർനോൾഡ് വലകുലുക്കിയതിനാൽ സ്വിറ്റ്‌സർലാൻഡിന്റെ അഞ്ചാമത്തെ കിക്ക് എടുക്കേണ്ടി വന്നില്ല.

നേരത്തെ എംബോളോയുടെ ഗോളിലൂടെ സ്വിറ്റ്‌സർലാൻഡാണ് ലീഡെടുത്തത്. എന്നാൽ അ‌ഞ്ച് മിനിട്ടിനകം സാക്കയിലൂടെ ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു.

തുടക്കം മുതലേ ഇംഗ്ലണ്ടും സ്വിറ്റ്‌സർലാൻഡും ആക്രമിച്ചു കളിച്ചു.വലതുവിംഗിൽ ബുക്കായോ സാക്കയാണ് ഇംഗ്ലണ്ടിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. മറുവശത്ത് എംബോളോയും എൻഡോയെയും സ്വിസ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. ക്രോസ് ബാറിന് കീഴിൽ ഇംഗ്ലീഷ് ഗോളി പിക്ഫോർഡും സ്വിസ് ഗോളി യാൻ സോമ്മറും മികച്ച പ്രകടനമാണ് നടത്തിയത്.. നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുട‌ർന്നാണ് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിൽ ഇരുടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വലകുലുങ്ങിയില്ല.