kochi

കൊച്ചി: കൊച്ചി വാട്ടര്‍മെട്രോയ്ക്ക് അധികമായി 15 ബോട്ടുകള്‍ കൂടി. ആദ്യഘട്ടത്തിലെ 23 ബോട്ടുകള്‍ക്ക് പുറമേയാണ് 143കോടിയോളം മുടക്കില്‍ 15 ബോട്ടുകള്‍ കൂടിയെത്തുക. 100 സീറ്റുകളുള്ള ബോട്ടുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകള്‍ ഒരെണ്ണത്തിന് 7.6കോടിക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് നിര്‍മ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെന്‍ഡറും ഷിപ്പ്യാര്‍ഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. എന്നാല്‍ നിര്‍മ്മാണത്തുക ബോട്ടൊന്നിന് 9.5കോടിയായി ഉയരും.

100സീറ്റ് ബോട്ടുകളില്‍ 23ല്‍ 14 എണ്ണം ഷിപ്പ്യാര്‍ഡ് കൈമാറി. രണ്ടെണ്ണം ഈമാസം ലഭിക്കും. ബാക്കിയുള്ള ഏഴെണ്ണം ഒക്ടോബറിനു മുന്നേ നല്‍കും. അതിനിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന 50സീറ്റ് ബോട്ടുകള്‍ സംബന്ധിച്ച പദ്ധതി നീളും. ഇത്തരം 15 ബോട്ടുകള്‍ക്ക് ലഭിച്ച ടെന്‍ഡര്‍ തുക ഭീമമായതിനാലാണ് ആലോചനകള്‍ താത്കാലികമായി നിറുത്തിവച്ചത്.

38 ടെര്‍മിനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 10-15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്നതിന് 78 ബോട്ടുകള്‍ വേണമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ കണക്ക്. ഇതില്‍ മൂന്നിലൊന്ന് ബോട്ടുകള്‍ പി.പി.പി മാതൃകയില്‍ നിര്‍മ്മിക്കാമെന്നും ഡി.പി.ആറിലുണ്ടായിരുന്നു.


മട്ടാഞ്ചേരി സര്‍വീസ് നവംബറില്‍

റീടെന്‍ഡര്‍ ചെയ്യേണ്ടിവന്ന മട്ടാഞ്ചേരി വാട്ടര്‍മെട്രോ ടെര്‍മിനലിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കി നവംബറില്‍ സര്‍വീസ് ആരംഭിക്കും. ഇതോടെ ഹൈക്കോര്‍ട്ട്- മട്ടാഞ്ചേരി റൂട്ട് നിലവില്‍ വരും. എറണാകുളം ആസ്ഥാനമായുള്ള ക്രസെന്റ് കോണ്‍ട്രാക്ടേഴ്സ് കഴിഞ്ഞ ഡിസംബറിലാണ് 1.5 ഏക്കറിലുള്ള ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയത്. ഫ്ളോട്ടിംഗ് പോണ്ടൂണുകള്‍ ഉള്‍പ്പെടെ 26.38 കോടിയാണ് കരാര്‍തുക.

പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ് എന്നീ ടെര്‍മിനലുകളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. എറണാകുളം ടെര്‍മിനലിന്റെ നിര്‍മ്മാണ ടെന്‍ഡറും ഉടന്‍ വിളിക്കും.

അതിനിടെ തേവര ടെര്‍മിനല്‍ നിര്‍മ്മാണം ഇപ്പോഴും അനശ്ചിതത്വത്തിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലം വിട്ടുകിട്ടാത്തതാണ് കാരണം. ഈ സ്ഥലം കെ.എസ്.ഐ.എന്‍.സിക്കും എസ്.ഡബ്ല്യു.ടി.ഡിക്കും ലീസിന് കൊടുത്തിരിക്കുന്നതാണ് വിലങ്ങുതടി. എരൂര്‍ ടെര്‍മിനലിന്റെ കരാര്‍ അനുവദിച്ചിരുന്നെങ്കിലും നിര്‍മ്മാണം തുടങ്ങാനായില്ല. സ്വകാര്യവ്യക്തികളുടെ വ്യക്തികളുടെ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ റീടെന്‍ഡര്‍ ചെയ്യും.


നിലവിലെ ടെര്‍മിനലുകള്‍

വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, ബോള്‍ഗാട്ടി, വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, മുളവുകാട് നോര്‍ത്ത്


നിലവിലെ റൂട്ടുകള്‍

ഹൈക്കോര്‍ട്ട് - ഫോര്‍ട്ട്കൊച്ചി, ഹൈക്കോര്‍ട്ട് - വൈപ്പിന്‍, ഹൈക്കോര്‍ട്ട് - സൗത്ത് ചിറ്റൂര്‍, സൗത്ത് ചിറ്റൂര്‍ - ചേരാനെല്ലൂര്‍, വൈറ്റില - കാക്കനാട്

(യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ഹൈക്കോര്‍ട്ട് - സൗത്ത് ചിറ്റൂര്‍, സൗത്ത് ചിറ്റൂര്‍ - ചേരാനല്ലൂര്‍ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )

വാട്ടര്‍മെട്രോ ആരംഭം - 2023 ഏപ്രില്‍ 25

ഇതുവരെ റൈഡര്‍ഷിപ്പ് - 24ലക്ഷത്തിലേറെ

ദിവസേന യാത്രക്കാര്‍

ഇപ്പോള്‍- 5,000ലേറെ
വേനലവധിക്ക്- 6,000ലേറെ
മട്ടാഞ്ചേരിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് പ്രതീക്ഷിക്കുന്നത്
സാജന്‍ ജോണ്‍
സി.ഇ.ഒ
കൊച്ചി വാട്ടര്‍ മെട്രോ