വണ്ടിനെ കണ്ടാൽ എങ്ങനെയും കൊന്നേ അടങ്ങൂ. ഇല്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല. എങ്കിൽ ഓർത്തോളൂ നിങ്ങൾ ഇല്ലാതാക്കുന്നത് വമ്പൻ സൗഭാഗ്യത്തെയാണ്. എല്ലാ വണ്ടുകളുമല്ല ;സ്റ്റാഗ് വണ്ട്' എന്നറിയപ്പെടുന്ന വണ്ടിനങ്ങൾക്കാണ് ഒരാളെ ഒറ്റ രാത്രികൊണ്ട് ലക്ഷ പ്രഭുക്കളാക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. ഇടിമിന്നലിന്റെ ദേവനുമായി ബന്ധമുള്ളതിനാൽ ഇവയെ തലയിൽ വച്ചാൽ മിന്നൽ ഏൽക്കില്ലെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.
'ലുക്കാനിഡെയി'ലിൽ എന്ന വണ്ട് കുടുംബത്തിൽ ഉൾപ്പെടുന്നവയെ പൊതുവെ വിളിക്കപ്പെടുന്ന പേരാണ് സ്റ്റാഗ് വണ്ടുകൾ എന്നത്. നീളം കഷ്ടിച്ച് രണ്ടിഞ്ച് മാത്രം. തലയിലെ രണ്ട് വലിയ കൊമ്പുകൾ കൊണ്ട് ഇവയെ വളരെ എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. കലമാനിനെപ്പോലെ വലിയ കൊമ്പുള്ളതുകൊണ്ടാണ് ഇവയ്ക്ക് സ്റ്റാഗ് വണ്ടുകൾ എന്ന് പേരുവന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
രണ്ടുമൂന്നെണ്ണത്തിനെ വീട്ടിൽ വളർത്തിയിട്ടുതന്നെ കാര്യം എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടാൻ വരട്ടെ. പിടികൂടുക അത്ര എളുപ്പമല്ല. അത്യപൂർവത തന്നെ കാരണം.ഇത്തരം വണ്ടുകളെ വളർത്തുന്നവരിൽ നിന്ന് വാങ്ങി വളർത്താമെന്ന് കരുതിയെങ്കിൽ കുടുംബത്തിന്റെ ആധാരം കൂടി കൈയിൽ കരുതുന്നത് നന്നായിരിക്കും. ഒരു ചെറിയ വണ്ടിനെ കിട്ടണമെങ്കിലും കുറഞ്ഞത് 75 ലക്ഷം രൂപ കൊടുക്കണം. വലിപ്പം കൂടിയാൽ വിലയും കൂടും.
കുറച്ചുനാൾ മുമ്പ് വണ്ടുകളെ വളർത്തുന്ന ഒരു ജപ്പാൻകാരൻ തന്റെ കൈയിലുള്ള സ്റ്റാഗ് വണ്ടിനെ 65 ലക്ഷം രൂപയ്ക്ക് വിറ്റത് വൻ വാർത്തയായിരുന്നു. സംഭവം നടന്നിട്ട് ഒന്നുരണ്ടുവർഷം കഴിഞ്ഞതോടെ വിലയും അതിനനുസരിച്ച് കൂടിയിട്ടുണ്ട്. കാര്യം ഇങ്ങനെയാണെങ്കിലും ചോദിക്കുന്ന വില നൽകി ഇത്തരം വണ്ടുകളെ വാങ്ങാൻ ആൾക്കാർ ക്യൂ നിൽക്കുന്നുണ്ട്.
കുത്തേറ്റാൽ പെട്ടുപോകും
സമ്പത്ത് ആവോളം നൽകുന്നതിനൊപ്പം കുത്താനും കക്ഷിക്ക് ഒരു മടിയുമില്ല. നീണ്ട കൊമ്പുകൊണ്ടുള്ള കുത്തേറ്റാൽ മുറിവ് ഉറപ്പ്. ഒപ്പം വേദനയും. ഉണങ്ങിയ മരത്തടികളിലാണ് ഇവയുടെ പ്രധാന വാസം. ഇത്തരം തടികളെ എളുപ്പത്തിൽ ജീർണിപ്പിച്ച് അവയിലെ പോഷകാംശങ്ങൾ മണ്ണിൽ ലയിപ്പിക്കാനും പ്രധാന പങ്കുവഹിക്കുന്നുണ്ട്. മൂന്നുമുതൽ ഏഴുവർഷം വരെയാണ് ആയുസ്. ആണുങ്ങൾക്ക് 35-75 മില്ലിമീറ്റർ നീളമുള്ളപ്പോൾ പെൺവർഗത്തിന് 30-50 മില്ലിമീറ്റർ മാത്രമാണ് നീളം. ലൈംഗിക ബന്ധത്തിനായി ഇണയെ സ്വന്തമാക്കാൻ ആണുങ്ങൾ തമ്മിൽ ഉഗ്രൻ ഏറ്റുമുട്ടൽ നടക്കാറുണ്ട്. കൊമ്പുതന്നെയാണ് ആയുധം.
പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ മരങ്ങളുടെ സ്രവം, ചീഞ്ഞ പഴങ്ങളിൽ നിന്നുള്ള നീര് തുടങ്ങിയ മധുര ദ്രാവകങ്ങളാണ് ഭക്ഷണമാക്കുന്നത്. ഉണങ്ങിയ മരങ്ങളെ ഭക്ഷിക്കുമെങ്കിലും ജീവനുള്ള മരങ്ങൾക്കോ മറ്റ് ചെടികൾക്കോ ഇവ ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ചൂടുള്ള കാലാവസ്ഥകളിലാണ് ഇവ വളരുന്നത്. തണുത്ത കാലാവസ്ഥ അത്ര ഇഷ്ടമല്ല. തോട്ടങ്ങൾ, ഉണങ്ങിയ മരങ്ങൾ ധാരാളമുളള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇവയെ ധാരാളം കാണാം.