-kaveri-nakva

മുംബയ്: അമിത വേഗത്തിൽ വന്ന ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നത് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ മുതിർന്ന നേതാവിന്റെ മകനായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് മിഹിർ ഷാ (24) ആണ് വാഹനം ഓടിച്ചിരുന്നത്. യുവാവ് അപകടസമയത്ത് മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ശിവസേനയുടെ ഉപനേതാവ് രാജേഷ് ഷായുടെതാണ് ബിഎംഡബ്ല്യു കാർ. അപകടസമയത്ത് ഡ്രെെവറും രാജേഷ് ഷായുടെ മകനായ മിഹിർ ഷായുമാണ് കാറിൽ ഉണ്ടായിരുന്നത്. മിഹിർ ഷാ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. കാറിന്റെ ഡ്രെെവറെയും ശിവസേന നേതാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുംബയിലെ വർളിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വർളിയിലെ കോളിവാഡ ഏരിയയിലുള്ള കാവേരി നക്വയും അവരുടെ ഭർത്താവ് പ്രദിക് നക്വയും മീൻ വാങ്ങിയ ശേഷം മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ വന്ന കാർ ഇവരെ ഇടിക്കുകയായരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ കാറിന്റെ ബോണറ്റിലേക്ക് തെറിച്ച് വീണു. ഭർത്താവ് ചാടി മാറിയെങ്കിലും കാർ കാവേരിയുടെ മേൽ കയറി ഇറങ്ങി. എന്നാൽ സംഭവസ്ഥലത്ത് കാർ നിർത്തിയില്ല. പിന്നാലെ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദിക് നക്വയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി ജുഹുവിലെ ഒരു ബാറിൽ മിഹിർ ഷാ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് പോകുന്നതിന് മുൻപ് ഒരു ലോംഗ് ഡ്രെെവ് വേണമെന്ന് മിഹിർ ഡ്രെെവറോട് ആവശ്യപ്പെട്ടു. വർളിയിൽ എത്തിയപ്പോൾ മിഹിർ ഡ്രെെവറെ മാറ്റി സ്വയം കാർ ഓടിക്കാൻ തുടങ്ങി. അമിത വേഗത്തിലായിരുന്ന വണ്ടി പിന്നാലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ മുന്നിലെ ഗ്ലാസിൽ ശിവസേനയുടെ സ്റ്റിക്കർ ഉണ്ട്.

സംഭവം ദൗർഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ പറഞ്ഞു. വിഷയത്തിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 'നിയമം അതിന്റെതായ വഴിക്ക് പോകും. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഞാൻ പൊലീസുമായി സംസാരിച്ചു. കർശന നടപടി സ്വീകരിക്കും',- ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.