ganesh-kumar

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ബസുകൾ കഴുകുന്നതിനായി ഹൗസ് കീപ്പിംഗ് വിംഗിനെ നിയമിക്കും. ഇവർ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകൾ കഴുകുന്നതിനായി പവർഫുൾ കംപ്രസർ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു മാദ്ധ്യമത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് വാരിവലിച്ച് റൂട്ട് പെർമിറ്റ് നൽകുന്നത് ഒഴിവാക്കും. ഇതുസംബന്ധിച്ച് എംഎൽഎമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വേഗപ്പൂട്ട് വിച്ഛേദിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. വേഗപ്പൂട്ട് വിച്ഛേദിക്കുന്നതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ ക്രിമിനൽ കേസിൽ പ്രതിയാക്കും. കമ്പനിയാണ് ഇത് ചെയ്യുന്നതെങ്കിൽ അവരുടെ ഡീലർഷിപ്പ് റദ്ദ് ചെയ്യും. വേഗപ്പൂട്ട് പരിശോധന സംസ്ഥാനത്തുടനീളം തുടരും. ഓവർലോഡ് അല്ല ഓവർ സ്‌പീഡ് ആണ് അപകടത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളകുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് മാസമാദ്യം തന്നെ ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ കെഎസ്‌ആർടിസി പ്രീമിയം ബസുകളുടെ സര്‍വീസ് ഓണക്കാലത്തിന് മുമ്പ് നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പ്. യാത്രക്കാര്‍ക്ക് ദീര്‍ഘദൂരം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയുള്ള യാത്രയെന്നതാണ് പ്രീമിയം സര്‍വീസുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യവും ഒപ്പം ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. സീറ്റ് ബെല്‍റ്റോടു കൂടിയ 35 പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.40 പ്രീമിയം വണ്ടികളാണ് ഇത്തരത്തില്‍ വാങ്ങുന്നത്. ഇതില്‍ പത്തെണ്ണം ഓണത്തിന് മുമ്പെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.