ക്വാർട്ടറിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന തുർക്കിയെ 2-1ന് കീഴടക്കി ഹോളണ്ട് യൂറോ കപ്പ് സെമിയിൽ
ബെർലിൻ : 70-ാം മിനിട്ടുവരെ ഒരു ഗോളിന് പിന്നിട്ടുനിന്നെങ്കിലും കളി തീരും മുമ്പേ രണ്ടെണ്ണം തിരിച്ചടിച്ച് ഹോളണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം യൂറോ കപ്പിന്റെ സെമിഫൈനലിലെത്തി. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ 35-ാം മിനിട്ടിൽ സമേത് അകായ്ദിനിലൂടെ മുന്നിലെത്തിയിരുന്ന തുർക്കി 70-ാം മിനിട്ടിൽ സ്റ്റെഫാൻ ഡി വിജിന്റെ ഗോളിലൂടെ സമനില വഴങ്ങിയശേഷം 76-ാം മിനിട്ടിൽ മെർട്ട് മുൾഡറുടെ കാലിൽ തട്ടി വലയിൽ കയറിയ സെൽഫ് ഗോളിലൂടെ സെമി കാണാതെ പുറത്താവുകയായിരുന്നു. ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ ബെർട്ടുഗ് ഒസ്ഗർ ചുവപ്പുകാർഡ് കണ്ട് മടങ്ങിയത് തുർക്കിക്ക് മറ്റൊരു ആഘാതമായി.
ഗോളുകൾ ഇങ്ങനെ
0-1
35-ാം മിനിട്ട്
സമേത് അകായ്ദിൻ
ഒരു കോർണർ കിക്കിൽ നിന്ന് ഗ്യൂലർ ഉയർത്തി നൽകിയ ക്രോസ് പെനാൽറ്റി ബോക്സിനുള്ളിൽ ഉയർന്നുചാടി സമേത് വലയിലാക്കുകയായിരുന്നു.
1-1
70-ാം മിനിട്ട്
സ്റ്റെഫാൻ ഡി വിജ്
ഒരു ഷോർട്ട് കോർണറിൽ നിന്ന് മെംഫിസ് ഡെപ്പേയ് ഉയർത്തിനൽകിയ പന്ത് ഹെഡറിലൂടെ വലയിലാക്കിയാണ് ഡി വിജ് സമനില പിടിച്ചത്.
2-1
76-ാം മിനിട്ട്
മുൾഡർ (സെൽഫ്)
ഡംഫ്രീസ് ബോക്സിന് പാരലലായി നൽകിയ ക്രോസ് കണക്ട് ചെയ്യാനായി ഓടിക്കയറിയ കോഡി ഗാപ്കോയെ തടുക്കുവാൻ ശ്രമിക്കുന്നതിനിടെ തുർക്കി ഡിഫൻഡർ മെർട്ട് മുൾഡറുടെ കാലിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു.
2004
ലാണ് ഇതിന് മുമ്പ് ഹോളണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തിയത്. അന്ന് സെമിയിൽ പോർച്ചുഗലിനോട് തോൽക്കുകയായിരുന്നു.
9
ഗോളുകളാണ് ഈ യൂറോകപ്പിൽ ഹോളണ്ട് ഇതുവരെ നേടിയത്.
19
മഞ്ഞക്കാർഡുകളും ഒരു ചുവപ്പുകാർഡുകളുമാണ് ഈ ടൂർണമെന്റിൽ തുർക്കി വാങ്ങിയത്. ഏറ്റവും കൂടുതൽ കാർഡ് വാങ്ങിയ ടീമാണ് തുർക്കി.