മുംബയ്: ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ ഓടിച്ചിരുന്ന ആഡംബര കാർ ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. ശിവസേന ഷിൻഡെ വിഭാഗം നേതാവ്
രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് കാറോടിച്ചിരുന്നത്. ഇയാൾ ഒളിവിലാണ്. രാജേഷ് ഷായെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 5.30ന് വോർളിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതികളുമായ പ്രദീപ് നഖാവയും കാവേരി നഖാവയും സാസൂൺ ഡോക്കിൽനിന്ന് മത്സ്യം വാങ്ങി സ്കൂട്ടറിൽ പോകവേ മിഹിർ ഷാ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു ഇടിക്കുകയായിരുന്നു. ഇരുവരും തെറിച്ചുവീണു. കാവേരിയെ കാർ വലിച്ചിഴച്ച് ഏറെ ദൂരം കൊണ്ടുപോയി.
കാവേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അമിത വേഗതയിലായിരുന്നെന്നും മിഹിർ ഷാ മദ്യപിച്ചിരുന്നെന്നുമാണ് റിപ്പോർട്ട്.
അപകടത്തിന് പിന്നാലെ 24കാരനായ മിഹിർ രക്ഷപ്പെട്ടു.
ജുഹുവിലെ ബാറിൽനിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് വരികയായിരുന്നു മിഹിർ. ഡ്രൈവർ ഉണ്ടായിരുന്നുവെങ്കിലും മിഹിർ നിർബന്ധപൂർവം കാർ ഓടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപണമുണ്ട്. ശിവസേനയുടെ സ്റ്റിക്കർ കാറിൽനിന്ന് പറിച്ചുകളയാൻ ശ്രമിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ഒന്ന് പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മിഹിറിനെ കണ്ടെത്താൻ നാല് അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.
വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നില്ലെന്നും ആരാണോ കുറ്റക്കാർ അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ശിവസേന (യു.ബി.ടി.) വിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. അപകടത്തിനിരയായ പ്രദീപ് നഖാവിനെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ദൗർഭാഗ്യകരമായ സംഭവമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു.
അവർ വലിയ ആളുകളാണ്
'കാർ പിന്നിൽ നിന്ന് വന്ന് സ്‌കൂട്ടറിൽ ഇടിച്ചു, ഞാൻ ഇടതുവശത്ത് വീണു, പക്ഷേ എന്റെ ഭാര്യയെ റോഡിലൂടെ വലിച്ചിഴച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്, ഞാൻ എന്ത് ചെയ്യും? അവർ വലിയ ആളുകളാണ്, ആരും ഒന്നും ചെയ്യില്ല, ഞങ്ങൾ കഷ്ടപ്പെടും.' - പ്രദീപ് നഖാവ പറഞ്ഞു.