pic

വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു പറയുന്നതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തിൽ വീണ്ടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. പാർക്കിൻസൺസ് രോഗ വിദഗ്ദ്ധൻ വൈറ്റ് ഹൗസ് സന്ദർശിച്ചതിന്റെ രേഖകൾ പുറത്തുവന്നതാണ് ഇതിനുകാരണം.

പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. കെവിൻ കാന്നാർഡ് ജനുവരി 17ന് വൈറ്റ് ഹൗസിലെത്തി ബൈഡന്റെ പേഴ്സൺ ഡോക്ടർ കെവിൻ ഒ.കോണറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കെവിൻ കാന്നാർഡ് എത്തിയത് വൈറ്റ് ഹൗസിലെ സന്ദർശക രേഖകളിലുണ്ടെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയുടെ വിഷയം എന്താണെന്ന് വ്യക്തമല്ല. എന്നാൽ ബൈഡന്റെ ആരോഗ്യം ചർച്ച ചെയ്‌തെന്നാണ് സൂചന.നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസിന്റെ ലക്ഷണങ്ങൾ ബൈഡനുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അനാരോഗ്യം മറയ്ക്കാൻ അദ്ദേഹത്തിന്റെ ഡോക്ടർ ശ്രമിക്കുന്നുണ്ടെന്ന് മുൻ പ്രസിഡന്റുമാരായ ഒബാമ, ട്രംപ് എന്നിവരുടെ ഡോക്ടറായിരുന്ന റോണി ജാക്സൺ പറയുന്നു.

ഇടയ്ക്ക് കാലിടറി വീഴുന്നതും സ്ഥിരമായി നാക്കുപിഴകളുണ്ടാകുന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. അതേ സമയം, ഏറ്റവും ഒടുവിൽ പുറത്തുവന്ന വൈറ്റ് ഹൗസ് ആരോഗ്യ റിപ്പോർട്ടിൽ ബൈഡന് പാർക്കിൻസൺസ് ലക്ഷണങ്ങളില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും പറയുന്നു.

 പാർട്ടിയിലും എതിർപ്പ്

ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ അഞ്ച് ജനപ്രതിനിധി സഭാംഗങ്ങൾ അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.