കോഴിക്കോട് : തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ റസാഖിന്റെ വീട്ടിലെ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം താമരശേരി തഹസീൽദാർ കെ.എസ്.ഇ.ബി അധികൃതരുമായും റസാഖുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്ന് റസാഖ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വൈദ്യുതി ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് റസാഖിന്റെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെ റസാഖിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായി അജ്‌മൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തി. സാധന സാമഗ്രികളും മീറ്ററുകളും ഫയലുകളും ഉൾപ്പെടെ നശിപ്പിച്ചതായി കെ,എസ്.ഇ.ബി നൽകിയ പരാതിയിൽ പറയുന്നു. തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അജ്മലിനെയും സഹോദരൻ ഷഹദാദിനെയും ജീവനക്കാർ പിടിച്ചുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അതേസമയം കെഎസ്‌ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് ചെയർമാൻ ബിജു പ്രഭാകർ നേരത്തെ അറിയിച്ചിരുന്നു. . കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രസ്‌താവന പുറത്തിറക്കിയത്. ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു.